കൊല്‍ക്കത്ത :ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്‌ക്ക് നാളെ (ബുധനാഴ്‌ച) തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടക്കുക. രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ഏകദിന പരമ്പര തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും. ടി20 ലോക കപ്പിന് എട്ട് മാസങ്ങള്‍ മാത്രം ശേഷിക്കെ അതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് കൂടിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതോടെ വിന്‍ഡീസിനെതിരെ വ്യത്യസ്ത കോമ്പിനേഷനുകള്‍ ഇന്ത്യന്‍ സംഘം പരീക്ഷിച്ചേക്കാം.
കെഎല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനോ, മഹാരാഷ്‌ട്രയുടെ റണ്‍ മെഷീന്‍ റുതുരാജ് ഗെയ്‌ക്‌വാദോ രോഹിത്തിനൊപ്പം ഓപ്പണിങ്ങിനെത്തിയേക്കും. ഏകദിനത്തിലും ഇന്ത്യ വ്യത്യസ്‌ത കോമ്പിനേഷന്‍ പരീക്ഷിച്ചിരുന്നു. ആദ്യ ഏകദിനത്തില്‍ ഇഷാനാണ് രോഹിത്തിനൊപ്പം ഓപ്പണറായെത്തിയത്. രണ്ടാം ഏകദിനത്തില്‍ റിഷഭ് പന്തും മൂന്നാം ഏകദിനത്തില്‍ ശിഖര്‍ ധവാനും രോഹിത്തിന്‍റെ ഓപ്പണിങ് പങ്കാളികളായിരുന്നു.
മധ്യനിര താരങ്ങളായ സൂര്യകുമാര്‍ യാദവിനേയും ശ്രേയസ് അയ്യരേയും ഒരേ ഇലവനില്‍ പരീക്ഷിക്കാനും സാധ്യതയുണ്ട്. വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരും ടീമിലുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ മുഹമ്മദ് സിറാജാവും ബൗളിങ് യൂണിറ്റിനെ നയിക്കുക.
അതേസമയം ഏകദിനത്തില്‍ മിന്നുന്ന പ്രകടനം നടത്തിയ യുസ്‌വേന്ദ്ര ചാഹൽ ഇന്ത്യയുടെ സ്ഥിരം സ്പിൻ ഒപ്ഷനാണെങ്കിലും ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.