മെൽബണ്‍: ഓസ്ട്രേലിയൻ ബിഗ്‌ബാഷ് ലീഗിൽ നാലാം കിരീടവുമായി പെർത്ത് സ്കോർച്ചേഴ്‌സ്. ഫൈനലിൽ സിഡ്‌നി സിക്‌സേഴ്‌സിനെതിരെ 79 റണ്‍സിന്‍റെ കൂറ്റൻ വിജയം സ്വന്തമാക്കിയാണ് സ്കോർച്ചേഴ്‌സ് കിരീടത്തിൽ മുത്തമിട്ടത്. മത്സരത്തിലുടനീളം ഏകപക്ഷീയമായായിരുന്നു സ്കോർച്ചേഴ്‌സിന്‍റെ പ്രകടനം.
ആദ്യം ബാറ്റ് ചെയ്‌ത സ്കോർച്ചേഴ്‌സിന്‍റെ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിഡ്‌നി സിക്‌സേഴ്‌സ് 92 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. മൂന്ന് താരങ്ങൾക്ക് മാത്രമാണ് സിക്‌സേഴ്‌സ് നിരയിൽ രണ്ടക്കം കടക്കാനായത്. 32-1 എന്ന നിലയിൽ നിന്നാണ് വൻ തോൽവിയിലേക്ക് സിക്‌സേഴ്‌സ് കൂപ്പുകുത്തിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്കോർച്ചേഴ്‌സിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ഒരു ഘട്ടത്തിൽ ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 25 റണ്‍സ് എന്ന നിലയിലായിരുന്നു ടീം. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്‌റ്റൻ ആഷ്‌ടണ്‍ ടർണറും (54), ലോറി ഇവാൻസും (71) ചേർന്ന് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചു.
ALSO READ:സിംബാബ്‌വെ മുൻ നായകൻ ബ്രെണ്ടൻ ടെയ്‌ലർക്ക് മൂന്നര വർഷം വിലക്കേർപ്പെടുത്തി ഐസിസി
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിക്‌സേഴ്‌സിനായി ഡാനിയേൽ ഹ്യൂസ് (42), നിക്കോളാസ് ബെകട്ടസ് (15) ജഡെ ലെന്‍റ്ണ്‍ (10) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാൻ ആയുള്ളു. സ്കോർച്ചേഴ്‌സിനായി ആർഡ്ര്യു ടൈ മൂന്ന് വിക്കറ്റും, ജെ റിച്ചാർഡ്‌സണ്‍ രണ്ട് വിക്കറ്റും നേടി. ഹൊബാർട്ട് ഹറികെയ്‌നിന്‍റെ ബെൻ മക്‌ഡെർമോട്ടാണ് ടൂർണമെന്‍റിലെ താരം.