ന്യൂഡൽഹി : ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ താരം ചേതേശ്വർ പുജാരയ്‌ക്ക് ഓസ്‌ട്രേലിയയുടെ സ്‌നേഹ സമ്മാനം. ഓസ്‌ട്രേലിയൻ താരങ്ങൾ ഒപ്പിട്ട ജേഴ്‌സിയാണ് നായകൻ പാറ്റ് കമ്മിൻസ് പുജാരയ്‌ക്ക് സമ്മാനിച്ചത്. ഇന്ത്യൻ ഡ്രസിങ് റൂമിലെത്തിയാണ് കമ്മിൻസ് പുജാരയ്‌ക്ക് സ്‌നേഹോപഹാരം നൽകിയത്. ബിസിസിഐയാണ് ചിത്രം സഹിതം ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
നേരത്തെ 100-ാം ടെസ്റ്റിനിറങ്ങിയ പുജാരയ്‌ക്ക് ഇന്ത്യൻ ടീം ഗാർഡ് ഓഫ് ഓണറും നൂറാം ടെസ്റ്റ് മാച്ച് ക്യാപ്പും സമ്മാനിച്ചിരുന്നു. മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കറാണ് പുജാരയ്ക്ക് സമ്മാനം നൽകിയത്. ചടങ്ങിൽ താരത്തിന്‍റെ ഭാര്യയും മകളും പിതാവും സന്നിഹിതരായിരുന്നു. എന്നാൽ 100-ാം മത്സരത്തിനിറങ്ങിയ പുജാരയ്‌ക്ക് ബാറ്റിങ്ങിൽ കാര്യമായ സംഭാവന നൽകാൻ ആയില്ല. ആദ്യ ഇന്നിങ്‌സിൽ റണ്‍സൊന്നുമെടുക്കാതെ പുറത്തായ താരം രണ്ടാം ഇന്നിങ്സിൽ 31 റണ്‍സുമായി പുറത്താകാതെ നിന്നു.