ദുബായ് : ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കുതിപ്പുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പന്ത് നിലവിൽ അഞ്ചാം സ്ഥാനത്താണ്. മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോലി ആറ് വർഷത്തിന് ശേഷം ആദ്യ പത്തിൽ നിന്ന് പുറത്തായി. താരം നാല് സ്ഥാനങ്ങള്‍ നഷ്‌ടമായി 13-ാം സ്ഥാനത്താണ്.
എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിലെ മികച്ച പ്രകടനമാണ് പന്തിന്‍റെ റാങ്കിങ് കുതിപ്പിന് തുണയായത്. ഒന്നാം ഇന്നിങ്‌സില്‍ 146 റൺസ്, രണ്ടാം ഇന്നിങ്‌സില്‍ 57 റണ്‍സും നേടിയ പന്ത് രണ്ട് ഇന്നിങ്‌സിലുമായി 203 റണ്‍സാണ് നേടിയത്. പന്തിന്‍റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ് ആണിത്.
കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ ശതകവും പന്തിന് നേടാനായിരുന്നു. ആദ്യ നാല് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഒന്നാമത്.