ലാഹോര്‍ : ബാബർ അസമിന്‍റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം സ്ഥിരതയില്ലാത്തതാണെന്ന് മുന്‍ താരവും കമന്‍റേറ്ററുമായ റമീസ് രാജ.
മൂന്ന് ഫോർമാറ്റുകളിലേയും റാങ്കിങ് പ്രതിഫലിപ്പിക്കുന്നത് ടീമിന് പ്രധാന ടൂർണമെന്‍റുകളുടെ ഫൈനലിൽ എത്താനാവില്ലെന്നാണെന്നും റമീസ് രാജ പറഞ്ഞു.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ (പിസിബി) സ്ഥാനത്തേക്ക് റമീസ് രാജയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പരിഗണനയിലിരിക്കെയാണ് റമീസ് രാജയുടെ പ്രസ്‌താവന.
നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ടി20 ലോക കപ്പിന്‍റെ സെമിഫൈനലിലെത്താനേ ടീമിന് സാധിക്കൂ. ഏകദിന, ടെസ്റ്റ് ഫോർമാറ്റ് പരിഗണിക്കുമ്പോൾ പൂൾ സ്റ്റേജ് മറികടക്കാൻ ബുദ്ധിമുട്ടാണെന്നും റമീസ് രാജ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും ക്രിക്കറ്റ് സബന്ധിയായ ചര്‍ച്ച നടത്തിയെന്നും റമീസ് പറഞ്ഞു.
"ഞാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, പാക്കിസ്ഥാൻ ക്രിക്കറ്റ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
also read: 'ഇന്ത്യയ്‌ക്ക് മുന്നില്‍ കീഴടങ്ങേണ്ടി വരും'; റമീസ് രാജയെ പിസിബി ചെയർമാനാക്കരുതെന്ന് സർഫ്രാസ് നവാസ്
പാകിസ്ഥാൻ ക്രിക്കറ്റ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാം എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്‌തു.
അദ്ദേഹം എന്നെ വിളിക്കുകയും കേൾക്കുകയും ചെയ്തതിൽ സന്തോഷമുണ്ട്. രാജ്യത്തെ ക്രിക്കറ്റിന്‍റെ അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി ആശങ്കാകുലനാണ്" റമീസ് രാജ പറഞ്ഞു.