ഹൈദരാബാദ്:ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേർഡ്‌സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജീവ് ഗാന്ധി ഇന്‍റര്‍നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വിക്കറ്റ് മികച്ചതായി തോന്നുന്നുവെന്നും രണ്ടാമത് ബാറ്റ് ചെയ്യുന്നതായിരിക്കും ഇവിടെ എളുപ്പമെന്ന് കരുതുന്നതായും സ്‌കോട്ട് എഡ്വേർഡ്‌സ് പറഞ്ഞു.
ബാറ്റുകൊണ്ട് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്താനും 290 റണ്‍സിന് മുകളിലുള്ള സ്‌കോര്‍ നേടാന്‍ ശ്രമം നടത്തുമെന്നും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം പ്രതികരിച്ചു. ഇതിന് മുമ്പ് ആറ് ഏകദിനങ്ങളിലാണ് പാകിസ്ഥാനും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍ എത്തിയത്. മുഴുവന്‍ മത്സരങ്ങളിലും വിജയം പാകിസ്ഥാനൊപ്പം നിന്നിരുന്നു. ഇതോടെ ചരിത്രം ആവര്‍ത്തിക്കാന്‍ പാക് ടീം ലക്ഷ്യമിടുമ്പോള്‍ അട്ടിമറി തന്നെയാവും ഓറഞ്ച് പടയുടെ മനസില്‍.
കൂടാതെ ലോകകപ്പ് ചരിത്രത്തില്‍ ഇതേവരെ കളിച്ച 15 മത്സരങ്ങളില്‍ രണ്ട് എണ്ണത്തില്‍ മാത്രമാണ് നെതര്‍ലന്‍ഡ്‌സ് വിജയിച്ചിട്ടുള്ളത്. അവസാന ജയമാവട്ടെ 2007ല്‍ സ്‌കോട്‌ലന്‍ഡിനെതിരെയുമായിരുന്നു. ഇക്കുറി ഇന്ത്യന്‍ മണ്ണില്‍ ഈ കണക്ക് കൂടെ സ്‌കോട്ട് എഡ്വേർഡ്‌സിന്‍റെ സംഘത്തിന് മെച്ചപ്പെടുത്തേണ്ടതുണ്ട്.
മറുവശത്ത് അവസാനത്തെ അഞ്ച് ലോകകപ്പില്‍ നാല് തവണയും തോല്‍വിയോടെയിരുന്നു പാകിസ്ഥാന്‍ തുടങ്ങിയത്. ഇത്തവണ വിജയത്തുടക്കമാവും ബാബര്‍ അസമിന്‍റെ സംഘം ലക്ഷ്യം വയ്‌ക്കുന്നത്.
പാകിസ്ഥാന്‍ പ്ലേയിങ് ഇലവന്‍: ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.