മെൽബൺ: ടി20 ലോകകപ്പിന്‍റെ ഫൈനലിൽ പാകിസ്ഥാൻ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. 1992ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇതേവേദിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം ചൂടാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു.
30 വർഷങ്ങള്‍ക്കിപ്പുറം ചരിത്രം ആവര്‍ത്തിക്കാന്‍ പാക് പടയിറങ്ങുമ്പോള്‍ കണക്ക് തീര്‍ക്കാനാവും ഇംഗ്ലണ്ടിന്‍റെ ശ്രമം. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ കലാശപ്പോരിന് യോഗ്യത നേടിയത്. രണ്ടാം സെമിയില്‍ ഇന്ത്യ അപ്രസക്തമാക്കിയാണ് ഇംഗ്ലണ്ടിന്‍റെ മുന്നേറ്റം.
ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ തങ്ങളുടെ മൂന്നാം ഫൈനലിനിറങ്ങുന്ന ഇരുകൂട്ടരും തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്. നേരത്തെ 2009ല്‍ പാകിസ്ഥാന്‍ കിരീടം ചൂടിയപ്പോള്‍ 2010ലാണ് ഇംഗ്ലണ്ട് വിജയികളായത്. മെല്‍ബണില്‍ ഇത്തവണ ആര് കിരീടമുയര്‍ത്തുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
കാലാവസ്ഥ: മത്സരത്തിന് കനത്ത മഴ ഭീഷണിയുണ്ട്. മെൽബണിൽ ഞായറാഴ്‌ച മഴയ്ക്ക് 100 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. റിസർവ് ദിനമായ തിങ്കളാഴ്‌ചയും കാലാവസ്ഥ പ്രതികൂലമാണ്. രണ്ടു ദിവസവും മത്സരം നടത്താനായില്ലെങ്കില്‍ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.