ലാഹോര്‍:ഒരു കായിക വിനോദത്തെ രാഷ്ട്രീയപരമായ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ശ്രമിക്കരുതെന്ന് പാകിസ്ഥാൻ (Pakistan) ക്രിക്കറ്റ് താരം അഹ്‌മദ് ഷെഹ്സാദ് (Ahmed Shehzad). പാകിസ്ഥാൻ വേദിയായി നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പ് (Asia Cup) മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ (Hybrid Model) നടത്താൻ തീരുമാനിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് ആരാധകർക്ക് വേണ്ടിയെങ്കിലും ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് വരണമായിരുന്നു എന്നും നാദിർ അലി പോഡ്‌കാസ്റ്റിലൂടെ (Nadir Ali Podcast) ഷെഹ്സാദ് ആവശ്യപ്പെട്ടു.
'കായിക വിനോദങ്ങളെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തണം എന്നാണ് ഞാൻ കരുതുന്നത്. മുൻപ് പലപ്പോഴായി ഞാൻ ഈ കാര്യം പറഞ്ഞിട്ടുണ്ട്. ഇന്ത്യയോ (India) പാകിസ്ഥാനോ അല്ലെങ്കിൽ മറ്റേത് രാജ്യം ആണെങ്കിലും ഇതാണ് ചെയ്യേണ്ടത്.
രണ്ട് രാജ്യങ്ങൾ തമ്മിൽ എന്ത് ഭിന്നതകൾ ഉണ്ടായാലും അത് ഇല്ലാതാക്കാൻ സ്പോർട്‌സിന് സാധിക്കും. പരസ്‌പര ഐക്യമാണ് ഏഷ്യയുടെ ശക്തി. ഇന്നല്ലെങ്കിൽ നാളെ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഒരുമിച്ച് കളിക്കും.
ഒരുപാട് പേരാണ് ഇന്ത്യ പാക് പോരാട്ടങ്ങൾ കാണാൻ കാത്തിരിക്കുന്നത്. ആഗോള ക്രിക്കറ്റിൽ ഈ ടീമുകളുടെ പോരാട്ടത്തിന് ലഭിക്കുന്ന വ്യൂവർഷിപ്പ് മറ്റ് മത്സരങ്ങൾക്ക് ഇല്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ ആരാധകർക്ക് വേണ്ടി എങ്കിലും ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് വരണമായിരുന്നു' -ഷെഹ്‌സാദ് അഭിപ്രായപ്പെട്ടു.
സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന ഏഷ്യ കപ്പ് മത്സരങ്ങളുടെ വേദിയായി ആദ്യം പാകിസ്ഥാനെ ആണ് തെരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഇതിൽ പങ്കെടുക്കാനായി ഇന്ത്യൻ ടീമിനെ അയക്കാൻ കഴിയില്ലെന്ന് ബിസിസിഐ (BCCI) വ്യക്തമാക്കി. തുടർന്ന് നിഷ്‌പക്ഷ വേദിയിൽ മത്സരങ്ങൾ നടത്തണം എന്ന ആവശ്യവും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ട് വച്ചു.
എന്നാൽ ഈ ആവശ്യം അംഗീകരിച്ചു നൽകാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) തയ്യാറായിരുന്നില്ല. തുടർന്ന് നടത്തിയ നിർണായാക ചർച്ചകൾക്കൊടുവിലാണ് ഹൈബ്രിഡ് മോഡൽ എന്ന ആശയം പിസിബി താത്‌കാലിക ചെയർമാൻ നജാം സേതി (Najam Sethi) ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് (Asian Cricket Council - ACC) മുന്നിൽ വച്ചത്. ഇത് ഇന്ത്യ ഉൾപ്പടെയുള്ള മറ്റു ടീമുകളും അംഗീകരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ നാല് മത്സരങ്ങൾ പാകിസ്ഥാനിലും ശേഷിക്കുന്ന കളികൾ ശ്രീലങ്കയിലും (Sri lanka) നടത്താമെന്ന തീരുമാനം ഉണ്ടായി.
അതേസമയം, ഹൈബ്രിഡ് മോഡലിൽ ഏഷ്യ കപ്പ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അടുത്ത പിസിബി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാപ്പെടുന്ന സാക്ക അഷ്‌റഫ് (Zaka Ashraf) കഴിഞ്ഞ ദിവസം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഈ ശൈലിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഒരിക്കലും പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ തീരുമാനം അംഗീകരിക്കുമെന്നും ഭാവിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രാജ്യത്തിനും ടീമിനും ഗുണം ചെയ്യുന്ന തീരുമാനം മാത്രമെ തങ്ങള്‍ സ്വീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
More Read :Asia Cup 2023 | 'ഹൈബ്രിഡ് മോഡലില്‍ ഏഷ്യ കപ്പ് മത്സരങ്ങള്‍, ഞാന്‍ അതിനോട് ഒരിക്കലും യോജിക്കില്ല': സാക്ക അഷ്‌റഫ്