ജോഹന്നാൻസ്ബർഗ് : ഈ മാസം 26ന് ആരംഭിക്കുന്ന ഇന്ത്യയുടെ പര്യടത്തിന് മുന്‍പേതന്നെ ദക്ഷിണാഫ്രിക്കൻ ടീമിന് തിരിച്ചടി. ടീമിന്‍റെ സ്റ്റാർ പേസർ ആന്‍റിച്ച് നോർക്യ പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായി. അതേസമയം താരത്തിന് പകരക്കാരനായി മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
ദക്ഷിണാഫ്രിക്കക്കായി ഈ വർഷം 5 മത്സരങ്ങളിൽ നിന്നായി 25 വിക്കറ്റുകളാണ് നോർക്യ വീഴ്‌ത്തിയത്. ഇതിൽ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം താരത്തിന്‍റെ അഭാവം ടീമിലെ മറ്റ് രണ്ട് പ്രധാന പേസർമാരായ കാസിഗോ റബാഡക്കും, ലുങ്കി എങ്കിഡിക്കും കൂടുതൽ സമ്മർദം ഉണ്ടാക്കും.
ALSO READ:Pro Kabaddi League | കാത്തിരിപ്പിന് വിരാമം ; പ്രോ കബഡി ലീഗ് എട്ടാം സീസണ്‍ നാളെ മുതൽ
ഈ മാസം 26നാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. പരിക്കുമൂലം ടീമിന്‍റെ സഹനായകൻ രോഹിത് ശർമ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവർ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നില്ല. രോഹിതിന് പകരം പുതുമുഖ താരം പ്രിയാങ്ക് പാഞ്ചാലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൗത്താഫ്രിക്കയിൽ ഇതിന് മുൻപ് ഏഴ് ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ ഒരു പരമ്പരയിൽ പോലും ഇന്ത്യക്ക് ജയിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് കൗതുകം. ഒരു തവണ പരമ്പര സമനിലയിലാക്കാൻ സാധിച്ചിരുന്നു. അതിനാൽ തന്നെ ഇത്തവണ ദക്ഷിണാഫ്രിക്കയിൽ കന്നി ടെസ്റ്റ് പരമ്പര എന്ന നേട്ടമാണ് കോലിയും കൂട്ടരും ലക്ഷ്യമിടുന്നത്.