ഹരാരെ:ഇത്തവണത്തെ ഏകദിന ലോകകപ്പിന് മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസില്ല. ഏകദിന ലോകകപ്പ് യോഗ്യത മത്സരത്തിലെ സൂപ്പര്‍ സിക്‌സില്‍ സ്‌കോട്‌ലന്‍ഡിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയാണ് സംഘത്തിന്‍റെ അവസാന പ്രതീക്ഷയും ഇല്ലാതാക്കിയത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 7 വിക്കറ്റുകള്‍ക്കാണ് വെസ്റ്റ് ഇന്‍ഡീസിനെ സ്‌കോട്‌ലന്‍ഡ് മലര്‍ത്തിയടിച്ചത്.
ഇതാദ്യമായാണ് വിന്‍ഡീസിന് ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതിരിക്കുന്നത്. കൂടാതെ വിന്‍ഡിനെതിരെ ഏകദിനത്തില്‍ സ്‌കോട്‌ലന്‍ഡിന്‍റെ ആദ്യ വിജയം കൂടിയാണിത്. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നേടിയ 181 റണ്‍സിന് മറുപടിക്കിറങ്ങിയ സ്‌കോട്‌ലന്‍ഡ് 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
അര്‍ധ സെഞ്ചുറി നേടിയ മാത്യു ക്രോസ്, ബ്രാൻഡൻ മക്‌മലന്‍ എന്നിവരാണ് സ്‌കോട്‌ലന്‍ഡിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 107 പന്തില്‍ 74 റണ്‍സെടുത്ത മാത്യു ക്രോസ് പുറത്താവാതെ നിന്നപ്പോള്‍ 106 പന്തില്‍ 69 റണ്‍സാണ് ബ്രാൻഡൻ നേടിയത്.
താരതമ്യേന കുറഞ്ഞ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സ്‌കോട്‌ലന്‍ഡിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ക്രിസ്റ്റഫര്‍ മക്‌ബ്രയ്‌ഡിനെ നഷ്‌ടമായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച മാത്യു ക്രോസ്- ബ്രാൻഡൻ മക്‌മലന്‍ സഖ്യം ടീമിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. 125 റണ്‍സ് നീണ്ടു നിന്ന ഈ കൂട്ടുകെട്ട് 29-ാം ഓവറിന്‍റെ രണ്ടാം പന്തിലാണ് വിന്‍ഡീസിന് പൊളിക്കാന്‍ കഴിഞ്ഞത്.
ബ്രാൻഡൻ മക്മലനെ റൊമാരിയോ ഷെഫേര്‍ഡ് അല്‍സാരി ജോസഫിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ജോര്‍ജ് മുന്‍സി (33 പന്തില്‍ 18) അധികം വൈകാതെ മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ റിച്ചി ബെറിങ്‌ടണും (14 പന്തില്‍ 13* ) മാത്യു ക്രോസും ചേര്‍ന്ന് സ്‌കോട്‌ലന്‍ഡിന്‍റെ വിജയം ഉറപ്പിച്ചു.