ഹരാരെ: ഏകദിന ലോകകപ്പ് യോഗ്യത (ODI World Cup Qualifier) റൗണ്ടില്‍ ജയം തുടര്‍ന്ന് ശ്രീലങ്ക. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡിനെതിരെ 133 റണ്‍സിന്‍റെ വിജയമാണ് ശ്രീലങ്ക നേടിയത്. ക്വീൻസ് സ്പോർട്‌സ് ക്ലബ്ബില്‍ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ഉയര്‍ത്തിയ 325 റണ്‍സിന്‍റെ വിജയം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 31 ഓവറില്‍ 192 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ വാനിന്ദു ഹസരങ്കയാണ് അയര്‍ലിന്‍ഡിനെ പൊളിച്ചടക്കിയത്.
വമ്പന്‍ ലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന്‍റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് മാത്രമുള്ളപ്പോള്‍ തന്നെ ആദ്യ വിക്കറ്റ് വീണു. ടീമിന്‍റെ പ്രതീക്ഷയായിരുന്ന പോൾ സ്റ്റെർലിങ്ങിനെ ലാഹിരു കുമാര കുശാല്‍ മെന്‍ഡിസിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. 11 പന്തില്‍ ആറ് റണ്‍സ് മാത്രമാണ് പോൾ സ്റ്റെർലിങിന് നേടാന്‍ കഴിഞ്ഞത്.
പിന്നാലെ, ആൻഡി മക്ബ്രൈൻ (21 പന്തില്‍ 17), ക്യാപ്റ്റന്‍ ആൻഡ്രൂ ബാൽബിർണി (13 പന്തില്‍ 12), ലോർക്കൻ ടക്കർ (5 പന്തില്‍ 0) എന്നിവര്‍ കൂടി മടങ്ങിയതോടെ അയര്‍ലന്‍ഡ് 11.3 ഓവറില്‍ നാലിന് 58 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു. ആൻഡി മക്ബ്രൈനെ കാസുന്‍ രജിത ലാഹിരു കുമാരയുടെ കയ്യില്‍ അവസാനിപ്പിച്ചു. ആൻഡ്രൂ ബാൽബിർണിയെ വാനിന്ദു ഹസരങ്കയും ലോർക്കൻ ടക്കറെ ദാസുന്‍ ഷാനകയുമാണ് തിരിച്ച് അയച്ചത്.
തുടര്‍ന്ന് ഒന്നിച്ച ഹാരി ടെക്‌ടറും കർട്ടിസ് കാംഫറും ചേര്‍ന്ന് പതിയെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍, 17-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ടെക്‌ടറിനെ (35 പന്തില്‍ 33) വിക്കറ്റിന് മുന്നില്‍ കുടുക്കിയ വാനിന്ദു ഹസരങ്ക ലങ്കയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ കർട്ടിസ് കാംഫറും വീണതോടെ അയര്‍ലന്‍ഡ് 19.6 ഓവറില്‍ ആറിന് 116 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു.