ദുബായ്:എഷ്യ കപ്പ് വേദിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന്‍റെ പേരില്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ പാക് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പലതവണ പ്രതികരിച്ചിരുന്നു. ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാനെയാണ് നേരത്തെ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ സുരക്ഷ പ്രശ്‌നങ്ങളാല്‍ ഇന്ത്യന്‍ ടീമിനെ രാജ്യത്തേക്ക് അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തിരുന്നു.
ഈ സാഹചര്യത്തിലാണ് എഷ്യ കപ്പിനായി ഇന്ത്യ പാക് മണ്ണിലേക്ക് വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി തങ്ങളും എത്തില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീഷണി മുഴക്കിയത്. എന്നാല്‍ 2023-ലെ ഏകദിന ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്നതിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം താത്‌പര്യപ്പെടുന്ന ഇന്ത്യയിലെ വേദിയുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഐസിസിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഏകദിന ലോകപ്പിലെ തങ്ങളുടെ മത്സരങ്ങളില്‍ ഭൂരിഭാഗവും ചെന്നൈയിലും കൊൽക്കത്തയിലും കളിക്കാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം താത്‌പര്യപ്പെടുന്നതെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടീമിന്‍റെ മുൻ പര്യടനങ്ങളിൽ സുരക്ഷിതമെന്ന് തോന്നിയ രണ്ട് വേദികളാണിത്.
"ബിസിസിഐയും ഇന്ത്യൻ സർക്കാരും എന്ത് തീരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍ നടക്കുക. എന്നാല്‍ ഒരു തെരഞ്ഞെടുപ്പിന് അവസരം നല്‍കിയാല്‍ ഏകദിന ലോകകപ്പിലെ തങ്ങളുടെ ഭൂരിഭാഗം മത്സരങ്ങളും കൊൽക്കത്തയിലും ചെന്നൈയിലും കളിക്കാനാണ് പാകിസ്ഥാന്‍ ടീം ആഗ്രഹിക്കുന്നത്.
കൊൽക്കത്തയിലാണ് 2016ൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ടി20 ലോകകപ്പ് മത്സരം കളിച്ചത്. അവിടെ ലഭിച്ച സുരക്ഷയിൽ കളിക്കാർ വളരെ സന്തോഷത്തിലായിരുന്നു. അതുപോലെ ചെന്നൈ ഒരു വേദി എന്ന നിലയിൽ പാകിസ്ഥാന് അവിസ്‌മരണീയമായി തുടരുന്നു.