ലണ്ടന്‍: സ്വന്തം മണ്ണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലൂടെ വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള 10 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2013-ല്‍ എംസ് ധോണിയുടെ കീഴില്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനം സ്വന്തമാക്കിയ ഐസിസി കിരീടം. ഇതിന് ശേഷം പലതവണ ഫൈനലുകളിലും സെമി ഫൈനലുകളിലുമത്തിയിട്ടുണ്ടെങ്കിലും അന്തിമ ചിരി ഇന്ത്യയ്‌ക്കൊപ്പമായിരുന്നില്ല.
2011-ലായിരുന്നു ഇന്ത്യയില്‍ ഇതിന് മുന്നെ ഏകദിന ലോകകപ്പ് നടന്നത്. അന്ന് എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ആതിഥയേര്‍ കിരീടമുയര്‍ത്തിയിരുന്നു. ഇക്കുറി രോഹിത് ശര്‍മയ്‌ക്ക് കീഴിലിറങ്ങുന്ന ഇന്ത്യ 2011 ആവര്‍ത്തിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന് ഒരു വിലയേറിയ ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ താരവും ലോകകപ്പ് ജേതാവുമായ ഇയാന്‍ മോര്‍ഗന്‍.
രോഹിത് ശര്‍മയും സംഘവും 2011-ല്‍ ലോകകപ്പ് വിജയിച്ച ടീമംഗങ്ങളില്‍ നിന്നും നിര്‍ദേശം സ്വീകരിക്കണമെന്നാണാണ് ഇയാന്‍ മോര്‍ഗന്‍ പറയുന്നത്. "ഇന്ത്യ ഒരു മികച്ച ക്രിക്കറ്റ് ടീമാണ്, 2023-ലെ ലോകകപ്പിലേക്ക് എത്തുമ്പോള്‍ ഫേവറിറ്റുകളാണുമാണവര്‍. സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പ് നടക്കുന്നുവെന്നത് ടീമിനെ സംബന്ധിച്ച് ആനുകൂല്യമാണ്.
അവർക്കുള്ള എന്‍റെ ഉപദേശം അവിടെ 2011-ൽ കിരീടം നേടിയ ടീമംഗങ്ങളുമായി ഇടപഴകുകയും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക എന്നതുമാണ്. തീര്‍ച്ചയായും ഏറെ കഠിനമായ ഒരു ടൂര്‍ണമെന്‍റായിരിക്കുമിത്. ഞാന്‍ അതിനായാണ് ഞാന്‍ കാത്തിരിക്കുന്നത്" ഇയാന്‍ മോര്‍ഗന്‍ പറഞ്ഞു.
അവസാന നാലിലെത്തുന്ന ടീമുകളെയും 2019-ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച മോര്‍ഗന്‍ പ്രവചിച്ചു. "ടൂർണമെന്‍റിന്‍റെ അവസാന ഘട്ടത്തിലേക്ക് വരുമ്പോൾ, അവസാന നാലില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഉണ്ടാവുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. കൂടാതെ കിരീടം ഉയർത്താൻ സാധ്യതയുള്ള മറ്റ് ടീമുകൾ ഓസ്‌ട്രേലിയയും പാകിസ്ഥാനുമാണ്. വളരെ ശക്തമായ രണ്ട് ടീമുകളാണവര്‍. വലിയ മത്സരങ്ങൾ വരുമ്പോൾ കരുത്തരായ എതിരാളികളും" ഇയാന്‍ മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.
ഇന്ത്യയ്‌ക്ക് പുറമെ ന്യൂസിലൻഡ്, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ശ്രീലങ്ക, നെതർലൻഡ്‌സ് എന്നീ ടീമുകളാണ് കിരീടത്തിനായി പോരടിക്കുന്നത്. ആദ്യ എട്ട് ടീമകള്‍ ടൂര്‍ണമെന്‍റിന് നേരിട്ട് യോഗ്യത ഉറപ്പിച്ചപ്പോള്‍ ശ്രീലങ്കയും നെതർലൻഡ്‌സും യോഗ്യ മത്സരം കളിച്ചാണെത്തുന്നത്.
10 ടീമുകളും പരസ്‌പരം ഓരോ തവണ വീതം ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്‍റിന്‍റെ ആദ്യ ഘട്ടം നടക്കുക. 45 മത്സരങ്ങളാണ് ആകെ ഈ ഘട്ടത്തിലുള്ളത്. തുടര്‍ന്ന് ആദ്യ നാലില്‍ എത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. മുംബൈയില്‍ നവംബര്‍ 15-ന് ആദ്യ സെമി ഫൈനലും 16-ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമി ഫൈനലും നടക്കും. നവംബര്‍ 19-ന് അഹമ്മദാബാദിലാണ് ഫൈനല്‍.
ALSO READ:WI vs IND|ആഢംബരം വേണ്ട, അടിസ്ഥാന ആവശ്യങ്ങളെങ്കിലും... വിൻഡീസ് ക്രിക്കറ്റ് ബോർഡിനോട് ഹാർദിക് പാണ്ഡ്യ