വെല്ലിങ്ടണ്‍:ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം (New Zealand Squad For ODI World Cup). പരിക്കില്‍ നിന്നും സുഖം പ്രാപിച്ചുവരുന്ന കെയ്ന്‍ വില്യംസണ് (Kane Williamson) നായകനായിട്ടുള്ള 15 അംഗ സ്ക്വാഡിനെയാണ് ബ്ലാക്ക് ക്യാപ്സ് പ്രഖ്യാപിച്ചത്. ഐപിഎല്‍ പതിനാറാം പതിപ്പിനിടെയാണ് കിവീസ് നായകന് വില്യംസണിന്റെ വലതുകാല്‍മുട്ടിന് പരിക്കേറ്റത്.
ഐപിഎല്ലില്‍ (IPL) ഗുജറാത്ത് ടൈറ്റൻസ് (Gujarat Titans) താരമായിരുന്നു കെയ്ന്‍ വില്യംസണ്. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്കെതിരെ കളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു താരത്തിന് പരിക്കേറ്റത് (Kane Williamson Injury During IPL). ചെന്നൈ സൂപ്പര്‍ കിങ്സ് (Chennai Super Kings) ഓപ്പണര്‍ റിതുരാജ് ഗെയ്ക്വാദിന്റെ ബൗണ്ടറി ശ്രമം തടയുന്നതിനിടെ നിലതെറ്റി വീണായിരുന്നു താരത്തിന്റെ വലതുകാല്‍മുട്ടിന് പരിക്കേറ്റത്.
തുടര്‍ന്ന്, ഐപിഎല്‍ സീസണ് മുഴുവനും താരത്തിന് നഷ്ടമായി. കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് വില്യംസണ് ലോകകപ്പ് നഷ്ടമായേക്കും എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങളോളം കളിക്കളിത്തിന് പുറത്തായിരുന്ന താരം കഠിനമായ പുനരധിവാസ പ്രക്രിയകള്‍ നടത്തിയാണ് ഇപ്പോള്‍ ടീമിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുന്നത്.
വില്യംസണിന്റെ മടങ്ങിവരവ് നിലവില്‍ ന്യൂസിലന്‍ഡ് ആരാധകര്‍ക്ക് ആശ്വാസമാണ്. കിവീസ് നായകന്റെ കരിയറിലെ നാലാം ഏകദിന ലോകകപ്പാണ് ഇത്. 2019ല്‍ ഇംഗ്ലണ്ട് ജേതാക്കളായ ലോകകപ്പില്‍ വില്യംസണിന് കീഴില്‍ ന്യൂസിലന്‍ഡ് ഫൈനല്‍ വരെയെത്തിയിരുന്നു.