കൊളംബോ : ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു (ODI World Cup 2023 India Squad). രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കറിന്‍റെ (Ajit Agarkar) നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.
പരിക്കിനെ തുടര്‍ന്ന് ഏഷ്യ കപ്പിലെ (Asia Cup 2023) ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാതിരുന്ന കെഎല്‍ രാഹുല്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയതോടെയാണ് മധ്യനിരയില്‍ പ്രധാനിയായ രാഹുലിനെ ടീമിന്‍റെ ഭാഗമാക്കിയത്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ സ്ഥാനം നിലനിര്‍ത്തി. ഏഷ്യ കപ്പിലെ പ്രധാന സ്‌ക്വാഡിന്‍റെ ഭാഗമായിരുന്ന തിലക് വര്‍മ, പ്രസിദ്ധ് കൃഷ്‌ണ, ബാക്കപ്പ് താരം സഞ്‌ജു സാംസണ്‍ എന്നിവര്‍ക്ക് ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല.
രോഹിത് ശർമ്മയെക്കൂടാതെ വിരാട് കോലി, ശ്രേയസ് അയ്യർ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവരാണ് ടീമിലെ പ്രധാന ബാറ്റര്‍മാര്‍. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കുല്‍ദീപ് യാദവാണ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍. വെറ്ററന്‍ താരം യുസ്‌വേന്ദ്ര ചാഹലിനെ പരിഗണിച്ചില്ല.