28 വര്‍ഷത്തെകാത്തിരിപ്പിനൊടുവില്‍ ടീം ഇന്ത്യ 2011ലെ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ആ ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരനാണ് യുവരാജ് സിങ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും നിരവധി മത്സരങ്ങളിലായിരുന്നു അന്ന് യുവി ഇന്ത്യന്‍ ടീമിനെ ജയത്തിലേക്ക് നയിച്ചത്. പന്ത്രണ്ട് വര്‍ഷത്തിന് ഇപ്പുറം മറ്റൊരു ലോകകപ്പിന് ഇന്ത്യ ഒരുങ്ങുമ്പോള്‍ അന്ന് യുവരാജ് ചെയ്‌ത ദൗത്യം ഇക്കുറി ആരാകും നിര്‍വഹികുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍.
ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), രവീന്ദ്ര ജഡേജ (Ravindra Jadeja), അക്‌സര്‍ പട്ടേല്‍ (Axar Patel) എന്നിവരാണ് ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ചിരിക്കുന്ന ഓള്‍ റൗണ്ടര്‍മാര്‍. ഇവര്‍ക്കൊപ്പം ശര്‍ദുല്‍ താക്കൂറും സ്‌ക്വാഡിലുണ്ട് (Shardul Thakur). ഇവരില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം മാറ്റി നിര്‍ത്തായാല്‍ മറ്റാരും അത്ര ഫോമിലല്ല എന്നത് ടീം ഇന്ത്യയ്‌ക്ക് തലവേദനയാണ്.
കഴിഞ്ഞ ഏഷ്യ കപ്പില്‍ ഉള്‍പ്പടെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിച്ചിരുന്നു. ടൂര്‍ണമെന്‍റിലെ അഞ്ച് മത്സരങ്ങളില്‍ ഇന്ത്യയ്‌ക്കായി കളിച്ച ഹാര്‍ദിക് 46 ശരാശരിയില്‍ 92 റണ്‍സാണ് നേടിയത്. അതില്‍, ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ടീമിനെ ബാറ്റുകൊണ്ട് സുരക്ഷിതമായ നിലയിലേക്ക് എത്തിക്കാന്‍ പാണ്ഡ്യയ്‌ക്ക് സാധിച്ചിരുന്നു.
കൂടാതെ, സൂപ്പര്‍ ഫോറിലും ഫൈനലിലും നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തിയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ പാണ്ഡ്യയ്‌ക്കായി. വരുന്ന ഏകദിന ലോകകപ്പിലും ഇതേ പ്രകടനങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യ ആവര്‍ത്തിക്കുമെന്ന വിലയിരുത്തലിലാണ് ആരാധകര്‍.
മികവ് കാട്ടാന്‍ ജഡേജയും താക്കൂറും:രവീന്ദ്ര ജഡേജ്ക്ക് അത്ര മികച്ച വര്‍ഷമല്ല 2023. ഇതുവരെ 14 ഏകദിന മത്സരങ്ങള്‍ ഈ വര്‍ഷം കളിച്ച ജഡേജ ആകെ നേടിയത് 154 റണ്‍സാണ്. ബൗളിങ്ങിലും തന്‍റെ നിലവാരത്തിലേക്ക് ഉയരാന്‍ ജഡേജയ്‌ക്ക് സാധിച്ചിട്ടില്ലെന്നാണ് വിദഗ്‌ദരുടെ അഭിപ്രായം.