ഹാമില്‍ട്ടണ്‍: ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പിക്കാമെന്ന ശ്രീലങ്കയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ തോല്‍വി വഴങ്ങിയതാണ് ശ്രീലങ്കയ്‌ക്ക് തിരിച്ചടിയായത്. ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ആതിഥേയരായ ന്യൂസിലന്‍ഡ് വിജയം നേടിയത്.
ഹാമില്‍ട്ടണില്‍ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 32.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടത്താണ് കിവീസ് മറികടന്നത്. വില്‍ യെങ്-ഹെന്‍റി നിക്കോള്‍സ് എന്നിവരുടെ അപരാജിത കൂട്ടുകെട്ടാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. വില്‍ യെങ് 133 പന്തില്‍ 86 റണ്‍സും ഹെന്‍റി നിക്കോള്‍സ് 52 പന്തില്‍ 44 റണ്‍സുമാണ് നേടിയത്.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന്‍റെ തുടക്കം തകര്‍ച്ചയാടെയായിരുന്നു. ഓപ്പണര്‍മാരായ ചാഡ് ബോവസ്, ടോം ബ്ലണ്ടല്‍ എന്നിവരെ ആദ്യം തന്നെ സംഘത്തിന് നഷ്‌ടമായി. രണ്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ ചാഡ് ബോവസിനെയും (5 പന്തില്‍ 1) അവസാന പന്തില്‍ ടോം ബ്ലണ്ടലിനേയും ( 3 പന്തില്‍ 4 ) ലാഹിരു കുമാരയാണ് മടക്കിയത്.
ഇരുവരേയും കുമാര വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഡാരില്‍ മിച്ചലും, ക്യാപ്റ്റന്‍ ടോം ലാഥവും വീണതോടെ കിവീസ് പ്രതിരോധത്തിലായി. ഈ സമയം 14.5 ഓവറില്‍ 59 റണ്‍സായിരുന്നു ആതിഥേയരുടെ ടോട്ടലില്‍ ഉണ്ടായിരുന്നത്.
എട്ട് പന്തില്‍ ആറ് റണ്‍സെടുത്ത മിച്ചലിനെ കസുന്‍ രജിത വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ചപ്പോള്‍ 16 പന്തില്‍ എട്ട് റണ്‍സെടുത്ത ലാഥം ദസുന്‍ ഷനകയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്നായിരുന്നു വില്‍ യെങ്ങും ഹെന്‍റി നിക്കോള്‍സും ഒന്നിച്ചത്. അഞ്ചാം വിക്കറ്റില്‍ പിരായാതെ ഇരുവരും ചേര്‍ന്ന് 100 റണ്‍സാണ് നേടിയത്.