റാവല്‍പിണ്ടി:ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം നേടാന്‍ ബാബര്‍ അസമിന്‍റെ കീഴില്‍ ഇറങ്ങിയ പാകിസ്ഥാന് കഴിഞ്ഞിരുന്നു. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു പാക് പട ജയിച്ച് കയറിയത്. ഇതോടെ ഇന്ത്യയും ഓസ്‌ട്രേലിയയും മാത്രമുള്ള ഒരു എലൈറ്റ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് പാകിസ്ഥാന്‍.
ഏകദിന ക്രിക്കറ്റില്‍ 500 മത്സരങ്ങളില്‍ വിജയിക്കുന്ന ടീമുകളുടെ പട്ടികയിലാണ് പാകിസ്ഥാനും എത്തിയത്. 949-ാം ഏകദിനങ്ങളില്‍ നിന്നാണ് പാകിസ്ഥാന്‍ 500 വിജയങ്ങള്‍ എന്ന നാഴികകല്ലിലെത്തിയത്. ഓസ്‌ട്രേലിയയാണ് ഏകദിനത്തില്‍ ആദ്യം 500 വിജയങ്ങള്‍ തികയ്‌ക്കുന്നത്. പിന്നാലെ ഇന്ത്യയും ഈ നേട്ടത്തിലെത്തി.
ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങളുള്ളതും ഓസീസിനാണ്. നിലവില്‍ 594 ഏകദിന വിജയങ്ങളാണ് സംഘത്തിന്‍റെ പട്ടികയില്‍ ഉള്ളത്. 539 ജയങ്ങളുമായി ഇന്ത്യ രണ്ടാമതുണ്ട്. അതേസമയം റാവല്‍പിണ്ടിയില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 288 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടിയ ഡാരില്‍ മിച്ചലിന്‍റേയും അര്‍ധ സെഞ്ചുറി നേടിയ വില്‍ യങ്ങിന്‍റെയും പ്രകടനമാണ് ടീമിനെ മികച്ച നിലയില്‍ എത്തിച്ചത്.
115 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സും സഹിതം 113 റണ്‍സായിരുന്നു ഡാരില്‍ മിച്ചല്‍ നേടിയത്. 78 പന്തുകളില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സും സഹിതം 86 റണ്‍സായിരുന്നു വില്‍ യങ് അടിച്ച് കൂട്ടിയത്. ചാഡ് ബൗസ് (26 പന്തില്‍ 18), നായകന്‍ ടോം ലാഥം (36 പന്തില്‍ 20), മാര്‍ക്ക് ചാപ്‌മാന്‍ (14 പന്തില്‍ 15), രചിന്‍ രവീന്ദ്ര ( 9 പന്തില്‍ 9), ആദം മില്‍നെ (1 പന്തില്‍ 0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.