കേരളം

kerala

ETV Bharat / sports

Netherlands Cricketer Teja Nidamanuru : 'ആന്ധ്രയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക്..'; ലോകകപ്പിലേക്ക് തേജ നിടമാനൂരിന്‍റെ യാത്ര ഇങ്ങനെ...

Teja Nidamanuru Journey To A Dutch Cricketer : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് ടീമിലെ ഇന്ത്യന്‍ വംശജന്‍ തേജ നിടമാനൂര്‍.

Teja Nidamanur  Netherlands Cricketer Teja Nidamanuru  Teja Nidamanuru Journey To A Dutch Cricketer  ODI World Cup 2023  Cricket World Cup 2023 Netherlands Squad  തേജ നിടമാനൂര്‍  നെതര്‍ലന്‍ഡ്‌സ് ക്രിക്കറ്റര്‍ തേജ നിടമാനൂര്‍  ഇന്ത്യന്‍ വംശജനായ നെതര്‍ലന്‍ഡ്‌സ് ക്രിക്കറ്റര്‍  ഏകദിന ലോകകപ്പ് 2023  ആന്ധ്രാക്കാരനായ നെതര്‍ലന്‍ഡ്‌സ് ക്രിക്കറ്റര്‍
Netherlands Cricketer Teja Nidamanuru

By ETV Bharat Kerala Team

Published : Sep 28, 2023, 9:20 AM IST

കഴിഞ്ഞ തുടര്‍ച്ചയായ രണ്ട് ഏകദിന ലോകകപ്പിലും യോഗ്യത പോലും നേടാനാകാതെ പുറത്തിരിക്കേണ്ടി വന്ന ടീമാണ് നെതര്‍ലന്‍ഡ്‌സ്. എന്നാല്‍, ഇക്കുറി അപ്രതീക്ഷിതമായിട്ടായിരുന്നു ലോകകപ്പിലേക്കുള്ള അവരുടെ റീ എന്‍ഡ്രി. ചരിത്രത്തില്‍ ആദ്യമായി വെസ്റ്റ് ഇന്‍ഡീസ് ഇല്ലാതെയൊരു ലോകകപ്പിനായി വേദിയൊരുങ്ങുമ്പോള്‍ മുന്‍ ലോകചാമ്പ്യന്മാരുടെ മോഹങ്ങള്‍ തല്ലിക്കെടുത്തിയത് നെതര്‍ലന്‍ഡ്‌സായിരുന്നു. അവര്‍ക്കായി അത് ചെയ്‌തതാകട്ടെ തേജ നിടമാനൂര്‍ (Teja Nidamanuru) എന്ന ഇന്ത്യന്‍ വംശജനായ ഡച്ച് താരവും.

ലോകകപ്പ് യോഗ്യത റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 375 എന്ന വമ്പന്‍ സ്‌കോറായിരുന്നു ഡച്ച് പടയ്‌ക്ക് പിന്തുടേരണ്ടിയിരുന്നത്. ലോക ക്രിക്കറ്റിലെ കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സിനെതിരെ തകര്‍പ്പന്‍ ജയം നേടാനാകുമെന്ന് തന്നെയായിരുന്നു ഈ മത്സരത്തിന്‍റെ ഒരു ഭാഗം വരെ വിന്‍ഡീസിന്‍റെ ചിന്ത. എന്നാല്‍, വിന്‍ഡീസ് പ്രതീക്ഷകള്‍ എല്ലാം തല്ലിക്കെടുത്തുന്നതായിരുന്നു മത്സരത്തില്‍ തേജ നിടമാനൂര്‍ നേടിയ സെഞ്ച്വറി.

മത്സരത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ തേജ 76 പന്തില്‍ 111 റണ്‍സ് നേടിയാണ് പുറത്തായത്. അഞ്ചാം വിക്കറ്റില്‍ നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിനൊപ്പം 143 റണ്‍സ് കൂട്ടുകെട്ട്. സ്‌കോര്‍ 327ല്‍ തേജ പുറത്തായെങ്കിലും ലോഗന്‍ വാന്‍ ബീക്കിന്‍റെ വെടിക്കെട്ടിനൊടുവില്‍ സൂപ്പര്‍ ഓവറില്‍ നെതര്‍ന്‍ഡ്‌സ് വിജയം നേടി.

Also Read :ക്രിക്കറ്റ് രാജാക്കന്‍മാരുടെ പതനം... ലോകകപ്പ് യോഗ്യത നേടാനാകാതെ വെസ്റ്റ് ഇന്‍ഡീസ്; ഇത് വിന്‍ഡീസ് ക്രിക്കറ്റിന്‍റെ 'കറുത്ത ദിനങ്ങള്‍'

വിജയവാഡക്കാരന്‍ ഡച്ച് ക്രിക്കറ്ററായ കഥ: 2023 ഏകദിന ലോകകപ്പിന് ഇന്ത്യയില്‍ കളിക്കാന്‍ നെതര്‍ലന്‍ഡ്‌സ് തയ്യാറെടുക്കുമ്പോള്‍ അവരുടെ ടീമിലെ പ്രധാന താരങ്ങളിലെ ഒരാളാണ് തേജ നിടമാനൂര്‍. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ 1994ല്‍ ആയിരുന്നു തേജ ജനിച്ചത്. ചെറുപ്പത്തില്‍ തന്‍റെ അമ്മയ്‌ക്കൊപ്പം ന്യൂസിലന്‍ഡില്‍ ആയിരുന്നു തേജ കഴിഞ്ഞത്.

16 വയസുള്ളപ്പോള്‍ അമ്മ തിരികെ വിജയവാഡയിലേക്ക് എത്തിയെങ്കിലും അവിടെ കഴിയാന്‍ ആയിരുന്നു തേജയുടെ തീരുമാനം. പഠനത്തോടൊപ്പം പാര്‍ട്ട്‌ ടൈം ജോലികളും ചെയ്‌തുകൊണ്ടായിരുന്നു ന്യൂസിലന്‍ഡില്‍ തേജ നിടമാനൂരിന്‍റെ ജീവിതം. സ്‌പോര്‍ട്‌സ് മാനേജ്‌മെന്‍റ്, മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയ തേജ ന്യൂസിലന്‍ഡില്‍ ചില ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചിരുന്നു.

ന്യൂസിലന്‍ഡ് ദേശീയ ടീമിനായി കളിക്കാനായിരുന്നു തുടക്കത്തില്‍ അദ്ദേഹത്തിന്‍റെ ആഗ്രഹം. എന്നാല്‍, ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ കരാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് ആ ആഗ്രഹം തേജയ്‌ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ് നെതര്‍ലന്‍ഡ്‌സില്‍ ഒരു ക്ലബ് ടൂര്‍ണമെന്‍റ് കളിക്കാന്‍ തേജയ്‌ക്ക് അവസരം ലഭിക്കുന്നത്.

ഏതാനും ചില മത്സരങ്ങള്‍ മാത്രം കളിച്ച ശേഷം തിരികെ ന്യൂസിലന്‍ഡിലേക്ക് മടങ്ങാനായിരുന്നു തേജയുടെ പദ്ധതി. എന്നാല്‍, അവിടെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ തനിക്ക് നെതര്‍ലന്‍ഡ്‌സില്‍ ഒരു പ്രമുഖ കമ്പനിയില്‍ നിന്നും ജോലിക്കുള്ള ഓഫര്‍ ലഭിച്ചു. പിന്നാലെ, അവിടെ സ്ഥിര താമസമാക്കിയ തേജ നെതര്‍ലന്‍ഡ്‌സില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിക്കാന്‍ ആരംഭിക്കുകയും പിന്നീട് ദേശീയ ടീമിലേക്ക് എത്തുകയുമായിരുന്നു.

2022 മെയ്‌ മാസത്തില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ ഏകദിന മത്സരത്തിലൂടെയായിരുന്നു തേജയുടെ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. ഡച്ച് പടയ്‌ക്കായി ഇതുവരെ 20 ഏകദിന മത്സരങ്ങള്‍ കളിച്ച താരം 29.47 ശരാശരിയില്‍ 527 റണ്‍സാണ് നേടിയിട്ടുള്ളത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ രണ്ട് സെഞ്ച്വറിയും ഇതുവരെ താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നിട്ടുണ്ട്. ടി20 ക്രിക്കറ്റിലെ ആറ് മത്സരങ്ങളില്‍ നിന്നും 30 റണ്‍സാണ് തേജയുടെ സമ്പാദ്യം.

ABOUT THE AUTHOR

...view details