ബുഡാപെസ്റ്റ്:ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയിലൂടെ ചരിത്രമെഴുതി ഇന്ത്യന്‍ താരം നീരജ് ചോപ്ര (Neeraj Chopra). ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയാണ് നീരജിന്‍റെ അഭിമാന നേട്ടം. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ (World athletics championships) വിജയം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്രം കൂടിയാണ് നീരജ് വിജയത്തിനൊപ്പം എഴുതിച്ചേര്‍ത്തത്.
88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം (Neeraj Chopra wins gold) സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണം സ്വന്തമാക്കുന്ന അപൂര്‍വ നേട്ടംകൂടിയാണ് നീരജിന്‍റേത്. പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്‍റെ ജാക്കുബ് വാദ്‌ലെ വെങ്കലവും സ്വന്തമാക്കി. ആദ്യ ഊഴത്തില്‍ ഫൗള്‍ സംഭവിച്ചുവെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ നീരജിന് നേട്ടം കൈവരിക്കാനായി. ഇന്ത്യന്‍ താരങ്ങളായ കിഷോര്‍ കുമാര്‍ ജനയ്‌ക്ക് അഞ്ചാംസ്ഥാവും ഡിപി മനുവിന് ആറാം സ്ഥാനവും നേടാനായി.
വെല്ലുവിളികളെ തകര്‍ത്തെറിഞ്ഞ് നീരജ്:ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്‌സ് ഫൈനലില്‍ നീരജ് ചോപ്രയ്‌ക്ക് പാക് താരം അര്‍ഷാദ് നദീം കടുത്ത വെല്ലുവിളിയാവുമെന്ന് പല വിലയിരുത്തലുകളും വന്നിരുന്നു. എന്നാല്‍, ഈ നിരീക്ഷണങ്ങളെയെല്ലാം നിഷ്‌പ്രഭമാക്കുന്ന പ്രകടനമാണ് മത്സരത്തില്‍ നീരജിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. മത്സരത്തിലെ യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ നിന്നും അര്‍ഷാദ് നദീം നേരിട്ട് യോഗ്യത നേടുകയായിരുന്നു. ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ചോപ്ര 88.77 മീറ്റർ ദൂരം ജാവലിന്‍ പായിച്ചാണ് ഫൈനലില്‍ ഇടംപിടിച്ചത്.