മുംബൈ : സഞ്ജു സാംസണിന് കീഴിൽ കളിക്കാൻ സാധിക്കുന്നത് പുതിയ അനുഭവം സമ്മാനിക്കുമെന്ന് രാജസ്ഥാൻ റോയൽസ് താരം നവ്‌ദീപ് സെയ്‌നി. ദേശീയ ടീമിൽ സഞ്ജുവിനൊപ്പം ഒരുപാട് നാളുകൾ ചെലവഴിച്ചിട്ടുണ്ടെന്നും താരവുമായി മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും സെയ്‌നി പറഞ്ഞു. കഴിഞ്ഞ സീസണ്‍ വരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ താരമായിരുന്ന സെയ്‌നിയെ 2.6 കോടി രൂപയ്‌ക്കാണ് രാജസ്ഥാൻ തട്ടകത്തിലെത്തിച്ചത്.
സഞ്ജുവുമായി ഫീൽഡിനുള്ളിലും പുറത്തും ഏറെ നാളത്തെ ബന്ധം എനിക്കുണ്ട്. ടീമിനുള്ളിൽ രസകരമായ അന്തരീക്ഷം സൃഷ്‌ടിക്കുന്ന താരമാണ് സഞ്ജു. അത് താരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസവും ധൈര്യവും നൽകും. സഞ്ജുവിന് കീഴിൽ കളിക്കുന്നത് പുതിയ അനുഭവം നൽകുമെന്നാണ് പ്രതീക്ഷ - സെയ്‌നി പറഞ്ഞു.
പരിക്കിനെത്തുടർന്ന് കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും സെയ്‌നിക്ക് നഷ്‌ടമായിരുന്നു. കഴിഞ്ഞ സീസണിൽ വളരെക്കുറച്ച് മത്സരങ്ങൾ മാത്രമാണ് കളിക്കാൻ സാധിച്ചത്. എന്നാൽ മൈതാനത്തിനകത്തും പുറത്തും നടത്തിയ കഠിനാധ്വാനത്തിന്‍റെ ഫലമായാണ് ഈ സീസണിലേക്ക് എത്തിപ്പെട്ടത്. രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കണം എന്നുതന്നെയാണ് ആഗ്രഹം - സെയ്‌നി പറഞ്ഞു.
ALSO READ:ലൂണ (ആയില്യം), വാസ്ക്വസ് (അത്തം), ലെസ്കോവിച്ച് (അത്തം) ; ബ്ലാസ്‌റ്റേഴ്‌സിനായി ആരാധകരുടെ പുഷ്‌പാഞ്ജലി
കുമാർ സംഗക്കാരയ്‌ക്കും ലസിത് മലിംഗയ്‌ക്കുമൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. കഴിവുകൾ കൂടുതൽ വികസിപ്പിക്കാനും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനും ഇത് മികച്ച അവസരമായിരിക്കും. അതിനായാണ് ഞാൻ കാത്തിരിക്കുന്നത് - സെയ്‌നി വ്യക്‌തമാക്കി.