ന്യൂഡൽഹി: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയുടെ സ്‌പിൻ ആക്രമണത്തെ നേരിടാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആദ്യ മത്സരത്തിൽ വൻ തോൽവിയാണ് ഓസ്‌ട്രേലിയ ഏറ്റുവാങ്ങിയത്. സ്‌പിൻ ആക്രമണത്തെ നേരിടാൻ ഇന്ത്യയിലേതുപോലുള്ള പിച്ച് ഒരുക്കിയും അശ്വിന്‍റെ അതേ ആക്‌ഷനുള്ള ബൗളറെ നെറ്റ്‌സിൽ എറിയിച്ചും വമ്പൻ പരിശീലനമാണ് ഓസീസ് നടത്തിയത്. എന്നാൽ മത്സരത്തിൽ ഇന്ത്യൻ സ്‌പിന്നർമാരുടെ മുന്നിൽ തകർന്നടിയുകയായിരുന്നു കങ്കാരുപ്പട.
പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ സ്‌പിന്നിനെ നേരിടാൻ എടുത്ത തയ്യാറെടുപ്പുകളെക്കുറിച്ച് വ്യക്‌തമാക്കിയിരിക്കുകയാണ് ഓസീസ് താരം നാഥൻ ലിയോണ്‍. പരമ്പയ്ക്കായി ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് ആർ. അശ്വിന്‍റെ ബോളിങ് ശൈലിയെപ്പറ്റി മണിക്കൂറുകളെടുത്ത് പഠിക്കാൻ ശ്രമിച്ചുവെന്നാണ് നാഥൻ ലിയോണ്‍ വ്യക്‌തമാക്കിയത്. അശ്വിന്‍റെ ബോളിങിന്‍റെ വീഡിയോ പലതവണ കണ്ടുവെന്നും ഒടുവിൽ അതിൽ അലേസരപ്പെട്ട ഭാര്യ തന്നോട് ദേഷ്യപ്പെട്ടുവെന്നുമാണ് ലിയോണ്‍ പറഞ്ഞത്.
സത്യം പറഞ്ഞാൽ ഞാൻ അശ്വിനിൽ നിന്ന് തികച്ചും വ്യത്യസ്‌തനായ ഒരു ബൗളറാണ്. ഇവിടെ വരുന്നതിന് മുമ്പ് ഞാൻ അശ്വിന്‍റെ ഒരുപാട് ദൃശ്യങ്ങൾ ഇരുന്ന് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതെ എന്ന് തന്നെയാണ് ഉത്തരം. വീട്ടിൽ ലാപ്‌ടോപ്പിന് മുന്നിൽ ഇരുന്ന് നിരവധി തവണ ഞാൻ വീഡിയോ കണ്ടു. ഞാൻ ഇക്കാര്യത്തിന് ഒരുപാട് സമയം ചെലവഴിച്ചത് ഭാര്യയെ ഭ്രാന്തിയാക്കി. എന്നാൽ എല്ലാം പഠിക്കുക എന്നതാണ് ഈ ഗെയിമിന്‍റെ ഏറ്റവും മികച്ച കാര്യം.
നിരന്തരം പഠിക്കുകയും എതിരാളികളെക്കണ്ട് വളരുകയും മെച്ചപ്പെടുകയും ചെയ്യുക എന്നതാണ് ക്രിക്കറ്റിൽ പ്രധാനം. അശ്വിൻ എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ച് തന്നിട്ടുണ്ട്. അവൻ ഇന്ത്യയിൽ വെച്ചും ഓസ്‌ട്രേലിയയിൽ വെച്ചും ധാരാളം കാര്യങ്ങൾ എനിക്ക് പറഞ്ഞുതന്നു. അശ്വിന് കുറച്ച് വൈദഗ്‌ധ്യം ഉണ്ട്. അത് ഞാനും വികസിപ്പിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് ഇനിയും മെച്ചപ്പെടാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നത്. അതാണ് എന്നെ നയിക്കുന്നത്. ലിയോണ്‍ പറഞ്ഞു.
പരമ്പര പിടിക്കാൻ ഇന്ത്യ: പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്‌ചയാണ് നടക്കുക. ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 132 റണ്‍സിനുമാണ് ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ തോൽവി വഴങ്ങിയത്. ആദ്യ ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അശ്വിൻ രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് നേടി മത്സരത്തെ ഇന്ത്യയുടെ കൈയ്യിലെത്തിക്കുകയായിരുന്നു. തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ വേഗത്തിൽ 540 വിക്കറ്റ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം അശ്വിൻ സ്വന്തമാക്കിയിരുന്നു.
ALSO READ:മത്സരങ്ങളിൽ സെഞ്ച്വറി തികയ്‌ക്കാൻ പൂജാര; ഡൽഹി ടെസ്റ്റിൽ കാത്തിരുക്കുന്നത് പുത്തൻ റെക്കോഡ്
89 മത്സരങ്ങളിൽ നിന്ന് 450 വിക്കറ്റുകൾ വീഴ്‌ത്തിയാണ് അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയത്. 80 മത്സരങ്ങളിൽ നിന്ന് 450 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനാണ് പട്ടികയിൽ അശ്വിന് മുന്നിലുള്ളത്. കൂടാതെ വേഗത്തിൽ 450 വിക്കറ്റ് നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം, അനിൽ കുബ്ലൈക്ക് പിന്നാലെ 450 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്നീ നേട്ടങ്ങളും അശ്വിൻ സ്വന്തമാക്കിയിരുന്നു.