കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. പരിക്കേറ്റ യുവ പേസര്‍ നസീം ഷാ (Naseem Shah) ടൂര്‍ണമെന്‍റില്‍ നിന്നും പുറത്ത് (Naseem Shah ruled out of Asia Cup 2023). സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്ക് എതിരായ മത്സരത്തില്‍ 20-കാരന്‍റെ വലത് തോളിനായിരുന്നു പരിക്കേറ്റിരുന്നത്.
താരത്തിന് പകരക്കാരനായി വലങ്കയ്യന്‍ പേസര്‍ സമൻ ഖാനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു (Naseem Shah replaced by Zaman Khan in Asia Cup Pakistan Squad). 22-കാരനായ സമൻ ഖാന്‍ (Zaman Khan) പാകിസ്ഥാനായി ഏകദിന അരങ്ങേറ്റം നടത്താത്ത താരമാണ്.
ഇതേവരെ ആറ് ടി20 മത്സരങ്ങളില്‍ മാത്രമാണ് താരം പാകിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുള്ളത്. എന്നാല്‍ നസീം ഷായ്ക്ക് പകരക്കാരനായി നേരത്തെ തന്നെ ടീമിന്‍റെ ഭാഗമായ മുഹമ്മദ് വസീം ജൂനിയറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.
ഹാരിസ് റൗഫിന് പകരം ഷാനവാസ് ദഹാനി?: ഇന്ത്യയ്‌ക്ക് എതിരായ മത്സരത്തിനിടെ പരിക്കേറ്റ മറ്റൊരു പേസര്‍ ഹാരിസ് റൗഫിന്‍റെ (Haris Rauf) ഫിറ്റ്‌നസില്‍ പുരോഗതിയുണ്ടെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സെപ്റ്റംബർ 14 വ്യാഴാഴ്‌ച ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ഹാരിസ് റൗഫ് കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. താരത്തിന്‍റെ ബാക്കപ്പ് എന്നോണം ഷാനവാസ് ദഹാനി കൊളംബോയില്‍ എത്തിയിട്ടുണ്ട്.