ചെന്നൈ: വെറ്ററന്‍ ഇന്ത്യന്‍ ബാറ്റര്‍ മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സോഷ്യല്‍ മീഡിയയിലുടെയാണ് 38കാരനായ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ സ്ഥിരം ഓപ്പണറായിരുന്ന മുരളി വിജയ് 2018 ഡിസംബറിലാണ് രാജ്യത്തിനായി അവസാനം കളിച്ചത്.
"ഇന്ന്, വളരെയധികം നന്ദിയോടും വിനയത്തോടും കൂടി, അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നു. 2002-2018 വരെയുള്ള യാത്ര ജീവിതത്തിലെ ഏറ്റവും മനോഹരമായതാണ്. ക്രിക്കറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ബഹുമതിയാണ്.
ബിസിസിഐ, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ (ടിഎൻസിഎ), ചെന്നൈ സൂപ്പർ കിങ്‌സ്, എന്നിവർ എനിക്ക് നൽകിയ അവസരങ്ങൾക്ക് നന്ദിയുള്ളവനാണ്. എന്‍റെ സ്വപ‌്നം യാഥാർഥ്യമാക്കാൻ സഹായിച്ചതിന് എല്ലാ ടീമംഗങ്ങൾക്കും, പരിശീലകർക്കും, ഉപദേഷ്‌ടാക്കൾക്കും, സപ്പോർട്ട് സ്റ്റാഫിനും നന്ദി.
അന്താരാഷ്ട്ര കായികരംഗത്തെ ഉയർച്ച താഴ്‌ചകളിൽ എന്നെ പിന്തുണച്ച എല്ലാ ക്രിക്കറ്റ് ആരാധകരോടും നന്ദി പറയുന്നു. ആ നിമിഷങ്ങളെ ഞാന്‍ എന്നും നെഞ്ചേറ്റും. നിങ്ങളുടെ പിന്തുണ എപ്പോഴും എനിക്ക് പ്രചോദനത്തിന്‍റെ ഉറവിടമാണ്", മുരളി വിജയ് കുറിച്ചു.
ക്രിക്കറ്റര്‍ എന്ന നിലയില്‍ തന്‍റെ യാത്രയുടെ പുതിയ ഘട്ടമാണിതെന്നും വ്യത്യസ്‌തമായ പരിതസ്ഥിതികളിൽ കായികരംഗത്ത് തുടർന്നുമുണ്ടാവുമെന്നും താരം വ്യക്തമാക്കി. അതേസമയം ഈ വര്‍ഷം തുടക്കത്തില്‍ തന്നെ വിരമിക്കല്‍ സൂചന മുരളി വിജയ് നല്‍കിയിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാത്ത സാഹചര്യത്തില്‍ ബിസിസിഐക്കെതിരെ വിമര്‍ശനവുമായി താരം രംഗത്തെത്തുകയായിരുന്നു.