മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ ഇടതുകാല്‍മുട്ടില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ ആയിരുന്നു താരത്തിന്‍റെ ശസ്‌ത്രക്രിയ നടന്നത്. ശസ്‌ത്രക്രിയ വിജയകരമായതിന് പിന്നാലെ ധോണി സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയോടും ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും ബന്ധപ്പെട്ടവർ അറിയിച്ചു.
'വ്യാഴാഴ്‌ച (01 ജൂണ്‍) കോകില ബെന്‍ ആശുപത്രിയില്‍ എംഎസ് ധോണിക്ക് ചെയ്‌ത ശസ്‌ത്രക്രിയ വിജയകരമായിരുന്നു. അദ്ദേഹം ഇപ്പോള്‍ സുഖമായിരിക്കുന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ധോണി ആശുപത്രി വിടും.
തുടര്‍ന്ന് അദ്ദേഹം കുറച്ചുനാള്‍ വിശ്രമത്തിലായിരിക്കും. അടുത്ത ഐപിഎല്ലില്‍ കളിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് മതിയായ സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' സിഎസ്‌കെ മാനേജ്‌മെന്‍റിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു.
ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയ കിരീടം ചൂടിയതിന് പിന്നാലെ മെയ് 31ന് വൈകുന്നേരത്തോടെയാണ് ധോണി അഹമ്മദാബാദില്‍ നിന്നും മുംബൈയില്‍ എത്തിയത്. കാല്‍മുട്ടിലെ ചികിത്സയ്‌ക്കായി എത്തിയ അദ്ദേഹത്തെ വിദഗ്‌ദ പരിശോധനകള്‍ക്ക് ശേഷമായിരുന്നു ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയത്. സ്പോര്‍ട്‌സ് മെഡിസിന്‍ വിദഗ്‌ധന്‍ ഡോ. ദിന്‍ഷ പര്‍ദിവാലയുടെ നേതൃത്വത്തില്‍ ആയിരുന്നു താരത്തിന്‍റെ ശസ്‌ത്രക്രിയ നടന്നത്.
ബിസിസിഐ മെഡിക്കല്‍ പാനല്‍ അംഗം കൂടിയായി പര്‍ദിവാലയുടെ മേല്‍നോട്ടത്തിലാണ് നേരത്തെ കാറപടകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റേതുള്‍പ്പടെയുള്ള താരങ്ങളുടെ ശസ്‌ത്രക്രിയ നടന്നത്. ഭാര്യ സാക്ഷിയാണ് നിലവില്‍ എംഎസ് ധോണിക്കൊപ്പം മുംബൈയിലെ ആശുപത്രിയിലുള്ളത്. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം മാത്രമെ താരം വീട്ടിലേക്ക് മടങ്ങൂവെന്നാണ് റിപ്പോര്‍ട്ട്.