ഹൈദരാബാദ്:കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തവണ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്ററെന്ന നേട്ടം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ച് റെക്കോഡ് പങ്കുവച്ചുകൊണ്ടുള്ള ഗൂഗിളിന്‍റെ വീഡിയോയിലാണ് ക്രിക്കറ്റര്‍മാരില്‍ വിരാട് കോലിയെ കാണാനായത്. എന്നാല്‍ ഈ വര്‍ഷം (2023) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ആദ്യ 10 പത്തില്‍ ആറ് ക്രിക്കറ്റര്‍മാരുണ്ടെങ്കിലും കോലിയ്‌ക്ക് ഇടം ലഭിച്ചിട്ടില്ല (Google Search in India 2023).
2023-ൽ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകൾ തിരഞ്ഞ ക്രിക്കറ്റര്‍ എന്ന നേട്ടം സ്വന്തമാക്കിയത് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാൻ ഗില്ലാണ്. മൊത്തത്തിലുള്ള പട്ടികയില്‍ രണ്ടാം സ്ഥാനവും ഗില്ലിനുണ്ട് (Shubman Gill). ബോളിവുഡ് നടി കിയാര അദ്വാനി (Kiara Advani) തലപ്പത്തുള്ള പട്ടികയിലെ മറ്റ് പേരുകാരെ അറിയാം. (most Googled personalities in India in 2023)
ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ് ഗില്ലിന് പിന്നില്‍ തൊട്ടുപിന്നില്‍. ഏകദിന ലോകകപ്പില്‍ കിവീസിനായി മിന്നും പ്രകടനം നടത്തിയായിരുന്നു ഇന്ത്യന്‍ വംശജന്‍ കൂടിയായ രചിന്‍ മടങ്ങിയത്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് (Mohammed Shami) നാലാമതുള്ളത്. ലോകകപ്പില്‍ അത്ഭുത പ്രകടനം നടത്താന്‍ ഷമിയ്‌ക്ക് കഴിഞ്ഞിരുന്നു.
ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്നതിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതിനാല്‍ മാത്രമാണ് ഷമിയ്‌ക്ക് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചത്. എന്നാല്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ 25 വിക്കറ്റുകളാണ് 33-കാരന്‍ എറിഞ്ഞിട്ടത്. ഇതോടെ ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഷമിയ്‌ക്ക് കഴിഞ്ഞിരുന്നു.