കൊളംബോ:ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്ക് എതിരെ നിറഞ്ഞാടിയ മുഹമ്മദ് സിറാജ് (Mohammed Siraj) കൂടെക്കൂട്ടിയത് നിരവധി റെക്കോഡുകള്‍. മത്സരത്തില്‍ ഏഴ് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് സിറാജ് നേടിയത്. തന്‍റെ ആദ്യ 16 പന്തുകള്‍ക്കുള്ളില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം തികയ്‌ക്കാന്‍ സിറാജിന് കഴിഞ്ഞിരുന്നു.
ആദ്യ ഓവര്‍ മെയ്‌ഡനാക്കിയ മുഹമ്മദ് സിറാജ് തന്‍റെ രണ്ടാം ഓവറില്‍ നാല് വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ആദ്യ പന്തില്‍ പത്തും നിസ്സാങ്ക, മൂന്നാം പന്തില്‍ സദീര സമരവിക്രമ, നാലാം പന്തില്‍ ചരിത് അസലങ്ക, ആറാം പന്തില്‍ ധനഞ്ജയ ഡിസില്‍വ എന്നിവരെയാണ് സിറാജ് തിരിച്ചയച്ചത്. ഇതോടെ ഏകദിന ക്രിക്കറ്റിലെ ഒരു ഓവറില്‍ നാല് വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് പോക്കറ്റിലാക്കാന്‍ സിറാജിന് കഴിഞ്ഞു (Mohammed Siraj ODI Records).
പിന്നാലെ ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയെ ബൗള്‍ഡാക്കിക്കൊണ്ട് സിറാജ് അഞ്ച് വിക്കറ്റ് നേട്ടവും തികച്ചു. അഞ്ച് വിക്കറ്റുകള്‍ അക്കൗണ്ടിലാക്കാന്‍ വെറും 16 പന്തുകളാണ് സിറാജിന് വേണ്ടി വന്നത്. ഇതോടെ ഒരു ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോഡില്‍ സംയുക്ത പങ്കാളിയാവാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു.
ശ്രീലങ്കയുടെ തന്നെ മുന്‍ പേസര്‍ ചാമിന്ദ വാസ് ഒറ്റയ്‌ക്ക് കയ്യടക്കി വച്ചിരുന്ന നേട്ടത്തിനൊപ്പമാണ് സിറാജ് എത്തിയത് (Mohammed Siraj equaled Chaminda Vaas for record of five wickets). 2003-ല്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു ചാമിന്ദ വാസ് 16 പന്തുകള്‍ക്കുള്ളില്‍ അഞ്ച് വിക്കറ്റ് തികച്ചത്.