ദുബായ് : ഐസിസി ഏകദിന ബോളര്‍മാരുടെ റാങ്കിങ്ങില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഏറ്റവും പുതിയ റാങ്കിങ്ങില്‍ 729 റേറ്റിങ് പോയിന്‍റുമായി ഒന്നാമനാണ് സിറാജ്. കരിയറില്‍ ആദ്യമായാണ് സിറാജ് റാങ്കിങ്ങില്‍ തലപ്പത്തെത്തുന്നത്.
രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സിറാജിന്‍റെ മുന്നേറ്റം. മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ സിറാജ് കേവലം ഒരു വര്‍ഷം കൊണ്ടാണ് ലോക ഒന്നാം നമ്പര്‍ സ്ഥാനം സ്വന്തമാക്കിയത്. നിലവില്‍ ടീം ഇന്ത്യയ്‌ക്ക് എപ്പോഴും ആശ്രയിക്കാവുന്ന പേസറാണ് സിറാജ്.
തന്‍റെ രണ്ടാം വരവിന് ശേഷം കളിച്ച 20 മത്സരങ്ങളില്‍ നിന്നും 37 വിക്കറ്റുകളാണ് 28കാരന്‍ വീഴ്‌ത്തിയിട്ടുള്ളത്. ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരെ അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു സിറാജ് നടത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം പരമ്പരയിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.