മുംബൈ :ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള (Cricket World Cup 2023) ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ (Mohammed Shami) വരവ് ഒരു ഒന്നൊന്നര വരവുതന്നെയാണ്. ആദ്യ നാല് മത്സരങ്ങളിലും പ്ലേയിങ് ഇലവനിലേക്ക് പോലും ഷമിയെ ടീം മാനേജ്‌മെന്‍റ് പരിഗണിച്ചിരുന്നില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേല്‍ക്കുകയും ശാര്‍ദുല്‍ താക്കൂര്‍ കളിച്ച മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തുകയും ചെയ്‌തതോടെയാണ് ഷമിയ്‌ക്ക് പ്ലേയിങ് ഇലവനിലേക്ക് വിളിയെത്തുന്നത്.
പിന്നീടുള്ള മൂന്ന് മത്സരങ്ങളില്‍ നിന്നും ഷമി എറിഞ്ഞിട്ടത് 14 വിക്കറ്റുകളാണ്. രണ്ട് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് പ്രകടനം (Mohammed Shami Wickets In Cricket World Cup 2023). ശ്രീലങ്കയ്‌ക്കെതിരായ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ലോകകപ്പില്‍ നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കാന്‍ മുഹമ്മദ് ഷമിക്കായി.
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമായുള്ള ഇന്ത്യന്‍ ബൗളര്‍ ഇപ്പോള്‍ മുഹമ്മദ് ഷമിയാണ്. 2015, 2019, 2023 വര്‍ഷങ്ങളിലെ മൂന്ന് ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയ ഷമി 13 മത്സരങ്ങളില്‍ നിന്നും ഇതുവരെ എറിഞ്ഞിട്ടത് 45 വിക്കറ്റാണ്. 2003, 2007, 2011 വര്‍ഷങ്ങളില്‍ 23 ലോകകപ്പ് മത്സരം കളിച്ച് 44 വിക്കറ്റ് നേടിയ സഹീര്‍ ഖാന്‍, 33 മത്സരങ്ങളില്‍ നിന്നും 44 വിക്കറ്റ് നേടിയ മുന്‍ താരം ജവഗല്‍ ശ്രീനാഥ് എന്നിവരുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഷമി എറിഞ്ഞിട്ടത് (Most Wickets For An Indian In Cricket World Cup 2023).
Also Read :Mohammed Shami Equals Mitchell Starc Record ലോകകപ്പാണോ ഷമി ഹീറോയാണ്... ഒരു മത്സരത്തില്‍ നാലിലധികം വിക്കറ്റ് നേടുന്നത് ശീലമാക്കി താരം
16 ലോകകപ്പ് മത്സരത്തില്‍ 33 വിക്കറ്റ് നേടിയ ജസ്‌പ്രീത് ബുംറ, 18 കളിയില്‍ നിന്നും 31 വിക്കറ്റ് എറിഞ്ഞിട്ട സ്‌പിന്നര്‍ അനില്‍ കുംബ്ലെ എന്നിവരാണ് പട്ടികയില്‍ പിന്നിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനക്കാരനാണ് മുഹമ്മദ് ഷമി. ഏഴ് മത്സരത്തില്‍ നിന്നും 15 വിക്കറ്റ് സ്വന്തമാക്കിയ ജസ്പ്രീത് ബുംറയാണ് പട്ടികയില്‍ ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യന്‍ താരം.
അതേസമയം, അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമി സംഹാര താണ്ഡവമാടിയ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 302 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. മുംബൈ വാങ്കഡെയില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ശുഭ്‌മാന്‍ ഗില്‍ (92), വിരാട് കോലി (88), ശ്രേയസ് അയ്യര്‍ (82) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 357 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ പേസര്‍മാര്‍ കാര്യങ്ങള്‍ എല്ലാം എളുപ്പമാക്കുകയായിരുന്നു.
ഷമിക്ക് പുറമെ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ് മൂന്നും ജസ്‌പ്രീത് ബുംറ ഒരു വിക്കറ്റും നേടി. രവീന്ദ്ര ജഡേജയാണ് ലങ്കയുടെ ഒരു വിക്കറ്റ് നേടിയ മറ്റൊരു ഇന്ത്യന്‍ ബൗളര്‍.
Read More :ശ്രീലങ്കയ്‌ക്ക് 'വാങ്കഡെ ട്രാജഡി' ; പേസര്‍മാരുടെ അഴിഞ്ഞാട്ടത്തില്‍ തകര്‍ന്നടിഞ്ഞ് ലങ്ക, ഇന്ത്യന്‍ വിജയം 302 റണ്‍സിന്