ഓവല്‍ : ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച ബൗളിങ് പ്രകടനത്തോടെ റെക്കോഡുകൾ സ്വന്തമാക്കി ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമി. ഏകദിന കരിയറിൽ 150 വിക്കറ്റുകൾ സ്വന്തമാക്കിയാണ് ഷമി റെക്കോഡ് പുസ്‌തകത്തിൽ ഇടം പിടിച്ചത്. ഇംഗ്ലണ്ട് നായകൻ ജോസ് ബട്‌ലറിനെ പുറത്താക്കിയാണ് 150 ഏകദിന വിക്കറ്റുകള്‍ ഏന്ന നേട്ടത്തിലെത്തിയത്.
ഇന്ത്യൻ നിരയിൽ മൂന്നുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽനിന്ന് 150 വിക്കറ്റെന്ന നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമാണ്. ഇക്കാര്യത്തിൽ ഇന്ത്യൻ നിരയിൽ ഒന്നാമനുമായി ഷമി. 80–ാം മത്സരത്തിൽ 150 വിക്കറ്റ് പിന്നിട്ട ഷമി, 97 ഏകദിനങ്ങളിൽനിന്ന് 150 വിക്കറ്റ് പിന്നിട്ട അജിത് അഗാർക്കറിനെയാണ് പിന്തള്ളിയത്.
77 മത്സരങ്ങളില്‍ 150 വിക്കറ്റ് ക്ലബ്ബിലെത്തിയ ഓസീസിന്‍റെ മിച്ചല്‍ സ്റ്റാർക്കാണ് മത്സരങ്ങളുടെ എണ്ണത്തില്‍ വേഗത്തില്‍ നാഴികക്കല്ല് പിന്നിട്ട താരം. സ്റ്റാർക്കിനേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ച് പാക് മുന്‍താരം സഖ്‌ലെയ്‌ൻ മുഷ്‌താഖ് (78) രണ്ടാമത് നില്‍ക്കുമ്പോള്‍ അഫ്‌ഗാന്‍ സ്‌പിന്നർ റാഷിദ് ഖാനൊപ്പമാണ് മുഹമ്മദി ഷമി മൂന്നാം സ്ഥാനം പങ്കിടുന്നത്. 81, 82 മത്സരങ്ങളിൽ നിന്ന് നേട്ടത്തിലെത്തിയ ട്രെന്‍റ് ബോൾട്ടും ബ്രെറ്റ് ലീയുമാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ.
അതേസമയം, കുറഞ്ഞ പന്തുകളിൽ 150 വിക്കറ്റ് തികച്ച താരങ്ങളുടെ പട്ടികയിൽ ഷമിയുടെ സ്ഥാനം അഞ്ചാമതാണ്. 4071 പന്തുകൾ എറിഞ്ഞാണ് മുഹമ്മദ് ഷമി ഈ നാഴികക്കല്ല് പിന്നിട്ടത്. കുറഞ്ഞ പന്തുകളിലും വേഗത്തില്‍ 150 വിക്കറ്റ് തികച്ച താരം സ്റ്റാർക്കാണ് (3917 ബോളുകള്‍), 4053 പന്തുകളുമായി ലങ്കയുടെ അജന്ത മെന്‍ഡിസാണ് രണ്ടാമത്. 4035 പന്തുകളില്‍ ഈ നേട്ടത്തിലെത്തിയ സഖ്‌ലെയ്‌ൻ മുഷ്‌താഖും 4040 പന്തുകളില്‍ കൈവരിച്ച റാഷിദ് ഖാനും മൂന്ന്, നാല് സ്ഥാനങ്ങളിൽ തുടരുന്നു.