കറാച്ചി:ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ എമേർജിങ് ടീംസ് ഏഷ്യ കപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ എയെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ എ കിരീടം നേടിയിരുന്നു. കൊളംബോയിലെ ആര്‍ പ്രേമദാസാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 128 റണ്‍സിനായിരുന്നു ഇന്ത്യ എ പാകിസ്ഥാനോട് തോറ്റത്. ഇതിന് പിന്നാലെ ഇരു ടീമിലേയും താരങ്ങളുടെ നിലവാരത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു.
എമേർജിങ് താരങ്ങള്‍ക്കായുള്ള ടൂര്‍ണമെന്‍റില്‍ പാകിസ്ഥാൻ കപ്പടിച്ചത് 'സീനിയർ' ടീമിനെ വച്ചാണെന്നതായിരുന്നു പൊതുവെയുള്ള ആക്ഷേപം. ഇന്ത്യയ്‌ക്കായി യുവ താരങ്ങള്‍ മാത്രം കളിച്ചപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ കളിക്കുന്ന നിരവധി താരങ്ങളെ പാകിസ്ഥാന്‍ ടൂര്‍ണമെന്‍റില്‍ കളിപ്പിച്ചതാണ് ഇതിന് വഴിയൊരുക്കിയത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ എ ടീമിനെ നയിച്ചിരുന്ന മുഹമ്മദ് ഹാരിസ്.
ടൂര്‍ണമെന്‍റിനായി 'ചെറിയ കുട്ടി'കളെ അയയ്‌ക്കാന്‍ ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്നാണ് പാകിസ്ഥാന്‍ സീനിയര്‍ ടീമിനായി കളിക്കുന്ന താരം കൂടിയായ മുഹമ്മദ് ഹാരിസ് പറയുന്നത്. പാക് കളിക്കാരുടെ അന്താരാഷ്ട്ര പരിചയത്തെ ഇന്ത്യന്‍ താരങ്ങളുടെ ഐപിഎൽ അനുഭവവുമായി മുഹമ്മദ് ഹാരിസ് താരതമ്യം ചെയ്യുകയും ചെയ്‌തു.
"പാകിസ്ഥാൻ പല സീനിയര്‍ കളിക്കാരെയും അയച്ചുവെന്നാണ് ആളുകൾ പറയുന്നത്. എന്നാല്‍ ചെറിയ കുട്ടികളെ ടൂർണമെന്‍റിലേക്ക് അയയ്ക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടില്ല. ഞങ്ങളുടെ ടീമിന് ഏറെ അന്താരാഷ്‌ട്ര പരിചയമുണ്ടെന്നാണ് ആളുകള്‍ പറയുന്നത്.
എന്നാല്‍ ഞങ്ങള്‍ എത്ര അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്?. സയിം (സയിം അയൂബ്) അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഞാനാവട്ടെ ആറ് മത്സരങ്ങളാണ് കളിച്ചത്. എന്നാല്‍ അവർ (ഇന്ത്യൻ കളിക്കാർ) 260 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്" - മുഹമ്മദ് ഹാരിസ് പറഞ്ഞു.
അതേസമയം മുഹമ്മദ് ഹാരിസിനെ കൂടാതെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ച സയിം അയൂബ്, സഹീബ്‌സാദ ഫര്‍ഹാന്‍, തയ്യബ് താഹിര്‍, അര്‍ഷാദ് ഇഖ്‌ബാല്‍, മുഹമ്മദ് വസീം ജൂനിയര്‍ എന്നീ താരങ്ങള്‍ ഏമേര്‍ജിങ് ഏഷ്യ കപ്പിന് ഇറങ്ങിയിരുന്നു. 29 വയസുകാരനാണ് തയ്യബ് താഹിര്‍. മുഹമ്മദ് വസീമിന് 21 വയസാണെങ്കിലും പാകിസ്ഥാനായി ഇതിനകം തന്നെ മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുണ്ട്.
ടൂര്‍ണമെന്‍റില്‍ ഈ താരങ്ങളുടെ പ്രകടനം പാകിസ്ഥാന്‍ എയ്‌ക്ക് ഏറെ നിര്‍ണായകമാവുകയും ചെയ്‌തിരുന്നു. ഇന്ത്യയ്‌ക്കെതിരായ ഫൈനലില്‍ ഓപ്പണിങ് വിക്കറ്റില്‍ സയിം അയൂബ്, സഹീബ്‌സാദ ഫര്‍ഹാന്‍ എന്നിവര്‍ നല്‍കിയ തകര്‍പ്പന്‍ തുടക്കത്തിന്‍റെ ചുവട് പിടിച്ച് തയ്യബ് താഹിര്‍ തകര്‍ത്തടിച്ച് സെഞ്ചുറി നേടിയതോടെ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിയിരുന്നു. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 352 റണ്‍സായിരുന്നു പാക് ടീം അടിച്ച് കൂട്ടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 40 ഓവറില്‍ 224 റണ്‍സില്‍ പുറത്താവുകയും ചെയ്‌തു.
ALSO READ: Emerging Teams Asia Cup | ഇന്ത്യ എ- പൂജ്യം, പാകിസ്ഥാൻ എ- 80: എമർജിങ് കപ്പില്‍ പാകിസ്ഥാൻ കപ്പടിച്ചത് 'സീനിയർ' ടീമിനെ വെച്ച് ആക്ഷേപം