കേരളം

kerala

ETV Bharat / sports

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു; വീണ്ടും ടെസ്റ്റ് കളിക്കാന്‍ മൊയിന്‍ അലി

ആഷസ് പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടം നേടി ഓള്‍റൗണ്ടര്‍ മൊയിന്‍ അലി. 2021-ലെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് താരം വീണ്ടും ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമാകുന്നത്.

Moeen Ali Included In England Ashes Squad  Moeen Ali  England Ashes Squad  Ashes  England vs Australia  മൊയിന്‍ അലി  ആഷസ്  ആഷസ് ഇംഗ്ലണ്ട് സ്‌ക്വാഡ്
വീണ്ടും ടെസ്റ്റ് കളിക്കാന്‍ മൊയിന്‍ അലി

By

Published : Jun 7, 2023, 5:55 PM IST

Updated : Jun 7, 2023, 10:29 PM IST

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഓൾറൗണ്ടർ മൊയിൻ അലിയെ ഉൾപ്പെടുത്തി. മുതുകിനേറ്റ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ ജാക്ക് ലീച്ചിന് പകരക്കാരനായായാണ് മൊയിൻ അലി ടീമിലെത്തിയത്. ഒരു ഇടവേളയ്‌ക്ക് ശേഷമാണ് 35-കാരനായ മൊയിൻ വീണ്ടും ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമാകുന്നത്.

നേരത്തെ 2021-ൽ ടെസ്റ്റ് ക്രിക്കറ്റിൽ താരം വിരമിച്ചിരുന്നു. പിന്നീട് ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്‌, ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം, ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് മാനേജിങ്‌ ഡയറക്ടർ റോബ് കീ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് താരം തന്‍റെ തീരുമാനം പുനഃപരിശോധിച്ചത്. വിരമിക്കല്‍ പ്രഖ്യാപിക്കും മുമ്പ് ഇംഗ്ലണ്ടിനായി 64 ടെസ്റ്റ് മത്സരങ്ങളിലാണ് മൊയിന്‍ കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 2914 റൺസും 195 വിക്കറ്റും നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള ആവേശത്തിലാണ് മൊയിന്‍ അലിയെന്ന് റോബ് കീ പറഞ്ഞു. തങ്ങള്‍ സമീപിച്ചതിന് ശേഷം കുറച്ച് ദിവസത്തെ ആലോചനകള്‍ക്ക് ശേഷമാണ് മൊയിന്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള തീരുമാനമെടുത്തത്. ഇംഗ്ലണ്ടിന്‍റെ ആഷസ് കാമ്പയിനിന് മൊയിന്‍റെ വിപുലമായ അനുഭവസമ്പത്തും ഓൾറൗണ്ടര്‍ മികവും വിലപ്പെട്ടതായിരിക്കുമെന്നും റോബ് കീ പറഞ്ഞു.

ജൂൺ 16-ന് എഡ്‌ജ്‌ബാസ്റ്റണിലാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയ്‌ക്ക് തുടക്കമാവുന്നത്. ജൂൺ 12-ന് ബർമിങ്‌ഹാമിൽ ഒത്തുചേരുന്ന ഇംഗ്ലണ്ട് ടീം തൊട്ടടുത്ത ദിവസം പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി എഡ്‌ജ്‌ബാസ്റ്റണിൽ പരിശീലനം ആരംഭിക്കുകയും ചെയ്യും.

ALSO READ: WTC Final | 'ഫൈനലിൽ മുൻതൂക്കം ഇന്ത്യക്ക്'; ഈ താരങ്ങൾ നിർണായകമാകുമെന്ന് സച്ചിൻ

ഇംഗ്ലണ്ടിന്‍റെ ആഷസ് ടീം: ബെൻ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), മൊയിൻ അലി, ജെയിംസ് ആൻഡേഴ്‌സൺ, ജോനാഥൻ ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, ഹാരി ബ്രൂക്ക്, സാക് ക്രാളി, ബെൻ ഡക്കറ്റ്, ഡാൻ ലോറൻസ്, ഒല്ലി പോപ്പ്, മാത്യു പോട്ട്‌സ്, ഒല്ലി റോബിൻസൺ, ജോ റൂട്ട്, ജോഷ് ടെങ്‌, ക്രിസ് വോക്‌സ്‌, മാർക്ക് വുഡ്.

ആഷസ് ഷെഡ്യൂൾ:

ആദ്യ ടെസ്റ്റ്: ജൂൺ 16-20, എഡ്‌ജ്‌ബാസ്റ്റൺ, ബർമിങ്‌ഹാം.

രണ്ടാം ടെസ്റ്റ്: 28 ജൂൺ - ജൂലൈ 2, ലോർഡ്‌സ്, ലണ്ടൻ.

മൂന്നാം ടെസ്റ്റ്: ജൂലൈ 6-10, ഹെഡിങ്‌ലി, ലീഡ്‌സ്.

നാലാം ടെസ്റ്റ്: ജൂലൈ 19-23, ഓൾഡ് ട്രാഫോർഡ്, മാഞ്ചസ്റ്റർ.

അഞ്ചാം ടെസ്റ്റ്: ജൂലൈ 27-31 ഓവൽ, ലണ്ടൻ.

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കിരീടം നേടിയാണ് മൊയിന്‍ വീണ്ടും ഇംഗ്ലീഷ് ടീമിനൊപ്പം ചേരുന്നത്. ഐപിഎല്‍ 16-ാം സീസണിന്‍റെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം നേടിയത്. ഐപിഎല്ലില്‍ ചെന്നൈയുടെ അഞ്ചാം കിരീടമാണിത്.

ALSO READ: WTC Final | കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഇന്ത്യ-ഓസീസ് താരങ്ങള്‍; കാരണമറിയാം

Last Updated : Jun 7, 2023, 10:29 PM IST

ABOUT THE AUTHOR

...view details