ന്യൂഡല്‍ഹി : ഇന്ത്യന്‍ വനിത ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയേക്കും. ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച താരം വനിത ഐപിഎല്ലിന്‍റെ ആദ്യ സീസണില്‍ കളിച്ചേക്കുമെന്ന സൂചന നല്‍കി. വനിത ഐപിഎല്ലിന്‍റെ ആദ്യ പതിപ്പിന്‍റെ ഭാഗമാകുന്നത് രസകരമായിരിക്കുമെന്ന് ഐസിസി പോഡ്‌കാസ്റ്റിലാണ് മിതാലി പ്രതികരിച്ചത്.
'ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന കാര്യം പരിഗണനയിലാണ്. എന്നാല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. വനിത ഐപിഎല്ലിന് ഇനിയും ഏതാനും മാസങ്ങളുണ്ട്. എങ്കിലും ആദ്യ സീസണില്‍ കളിക്കുന്നത് രസകരമായിരിക്കും' - മിതാലി പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ജീവിതത്തിന്‍റെ വേഗം കുറഞ്ഞുവെന്നും മിതാലി കൂട്ടിച്ചേര്‍ത്തു.
ഷെഫാലി പ്രതിഭാസം :യുവ ബാറ്റര്‍ ഷെഫാലി വര്‍മയെയേയും മിതാലി പുകഴ്‌ത്തി. ഷെഫാലിയുടെ വലിയ ആരാധികയാണ് താനെന്നും ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് ഷെഫാലിയെന്നും മിതാലി പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് മിതാലി, 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 39കാരിയായ താരം ഇക്കാര്യം അറിയിച്ചത്. 1999ൽ 16 വയസുള്ളപ്പോൾ ഇന്ത്യക്കായി കളിച്ചുതുടങ്ങിയ താരം രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിത ക്രിക്കറ്ററാണ്.
12 ടെസ്റ്റുകളിലും, 232 ഏകദിനങ്ങളിലും, 89 ടി20കളിലും രാജ്യത്തെ പ്രതിനിധീകരിച്ച മിതാലി രണ്ട് തവണ ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചിട്ടുണ്ട്. രാജ്യം മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ച ആദ്യ ഇന്ത്യൻ വനിത ക്രിക്കറ്റര്‍ കൂടിയാണ് മിതാലി.