സിഡ്‌നി : ഓസീസിനെതിരായ മൂന്നാം ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെ പരമ്പര തൂത്തുവാരാനുള്ള അവസരമാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. 12 ഓവറാക്കി ചുരുക്കി മത്സരം നടത്താന്‍ ശ്രമം നടത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 112 റണ്‍സ് നേടിയിരുന്നു.
മറുപടിക്കിറങ്ങിയ ഓസീസ് 3.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 30 റണ്‍സില്‍ നില്‍ക്കെ മഴയെത്തിയതോടെയാണ് മത്സരം ഉപേക്ഷിച്ചത്. 41 പന്തില്‍ 65 റണ്‍സടിച്ച് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് ടോട്ടലിന്‍റെ നെടുന്തൂണായത്.
ഇതിനിടെ നേരത്തെ ക്രീസ് വിടുന്നതുമായി ബന്ധപ്പെട്ട് ബട്‌ലര്‍ക്ക് ഓസീസ് പേസര്‍ മിച്ചൽ സ്റ്റാർക് നല്‍കിയ മുന്നറിയിപ്പില്‍ ഇന്ത്യന്‍ വനിത താരം ദീപ്‌തി ശർമയുടെ പേര് കൂടി വലിച്ചിഴയ്‌ക്കപ്പെട്ടു. ഇന്നിങ്‌സിന്‍റെ അഞ്ചാം ഓവറിലാണ് നോണ്‍ സ്ട്രൈക്കേഴ്‌സ് എന്‍ഡില്‍ നേരത്തെ ക്രീസ് വിട്ടിറങ്ങുന്നതിന് ഇംഗ്ലീഷ് ക്യാപ്റ്റന് സ്റ്റാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.