ബ്രിസ്ബേന്‍: ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷിലെ ക്യാച്ചുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ക്രിക്കറ്റ് ലോകത്തെ ചൂട് പിടിപ്പിക്കുന്നത്. സിഡ്‌നി സിക്സേഴ്‌സിനെതിരായ മത്സരത്തില്‍ ബ്രിസ്ബേന്‍ ഹീറ്റ് താരം മൈക്കൽ നീസറുടെ ജഗ്‌ളിങ് ക്യാച്ചാണ് വിഷയം. സിഡ്‌നിയുടെ ഇന്നിങ്‌സിന്‍റെ 19-ാം ഓവറിലാണ് വിവാദ ക്യാച്ച് പിറന്നത്.
ജോർദാൻ സിൽക്ക് ലോങ് ഓഫിലേക്ക് അടിച്ച പന്തില്‍ ബൗണ്ടറി ലൈനിന് അകത്തും പുറത്തുമായാണ് മൈക്കൽ നീസര്‍ ക്യാച്ച് പൂര്‍ത്തിയാക്കിയത്. ബൗണ്ടറി ലൈനിന് അകത്ത് നിന്നും ആദ്യം പന്ത് പിടിച്ചെങ്കിലും ബാലന്‍സ് ലഭിക്കാതിരുന്ന നീസര്‍ പന്ത് വായുവിലേക്ക് ഉയര്‍ത്തിയിട്ട് ബൗണ്ടറി ലൈനിന് പുറത്ത് കടന്നു. നീസറിനൊപ്പം പന്തും ബൗണ്ടറി ലൈനിന് പുറത്തേക്ക് കടന്നിരുന്നു.
ലൈനിന് പുറത്തു വച്ച് പിടിച്ചാല്‍ സിക്‌സാവുമെന്നിരിക്കെ വായുവില്‍ ഉയര്‍ന്ന് ചാടി പന്ത് ജഗില്‍ ചെയ്‌ത താരം വീണ്ടും ബൗണ്ടറി ലൈനിനുള്ളില്‍ കടന്ന് ഇത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. നീസറിന്‍റെ ഈ നീക്കങ്ങളാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. എന്നാല്‍ അത് ഔട്ട് തന്നെയാണ് എന്നാണ് ക്രിക്കറ്റ് നിയമങ്ങളുടെ കാവലാളായ എംസിസി വിധിക്കുന്നത്.
ഉയര്‍ന്നുവരുന്ന പന്ത് ബൗണ്ടറി ലൈന്‍ കടന്നാലും ഫീല്‍ഡര്‍ക്ക് തടയാനാവും. ആ സമയത്ത് ശരീരഭാഗങ്ങള്‍ തറയിൽ സ്‌പര്‍ശിക്കരുതെന്ന് മാത്രം. 2013 ഒക്ടോബര്‍ മുതൽക്ക് ഈ നിയമം പ്രാബല്യത്തിലുണ്ട്. അതേസമയം മത്സരത്തില്‍ ബ്രിസ്ബേന്‍ ഹീറ്റ് 15 റണ്‍സിന് വിജയിച്ചു. അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഹീറ്റ് ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഡ്‌നി സിക്സേഴ്‌സ് 209 റണ്‍സിന് പുറത്താവുകയായിരുന്നു.
Also read:അപകടകാരണം ഉറങ്ങിയതല്ല; റോഡിലെ കുഴിയെന്ന് റിഷഭ് പന്ത്