കേരളം

kerala

തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിന് തിരിച്ചടി; മാർക്ക് വുഡ് മൂന്നാം ടെസ്റ്റ് കളിച്ചേക്കില്ല

രണ്ടാം ടെസ്റ്റിൽ ഫീൽഡിങ്ങിനിടെ മാർക്ക് വുഡിന്‍റെ തോളിന് പരിക്കേൽക്കുകയായിരുന്നു. താരം നിരീക്ഷണത്തിലാണ്.

By

Published : Aug 18, 2021, 1:11 PM IST

Published : Aug 18, 2021, 1:11 PM IST

Mark Wood  മാർക്ക് വുഡ്  സ്റ്റുവർട്ട് ബ്രോഡ്  ലോര്‍ഡ്‌സ്  മാർക്ക് വുഡിന് പരിക്ക്  Mark Wood injury  സ്റ്റുവർട്ട് ബ്രോഡ്  ജോഫ്ര ആർച്ചർ
തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിന് തിരിച്ചടി; പരിക്കേറ്റ മാർക്ക് വുഡ് മൂന്നാം ടെസ്റ്റ് കളിച്ചേക്കില്ല

ലണ്ടൻ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് തോൽവിക്കുപിന്നാലെ ഇംഗ്ലണ്ട് ടീമിന് മറ്റൊരു തിരിച്ചടികൂടി. നേരത്തെ പരിക്കേറ്റ് പുറത്തായ പേസർ സ്റ്റുവർട്ട് ബ്രോഡിനു പകരം എത്തിയ മാർക്ക് വുഡിന് പരിക്കേറ്റതിനാൽ അടുത്ത ടെസ്റ്റ് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ തോളിനാണ് വുഡിന് പരിക്കേറ്റത്.

പരിക്കേറ്റ സ്റ്റുവർട്ട് ബ്രോഡ്, ജോഫ്ര ആർച്ചർ, ക്രിസ് വോക്‌സ് എന്നിവരുടെ അഭാവം തന്നെ ടീമിന് വലിയ തിരിച്ചടിയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ചെങ്കിലും ജെയിംസ് ആൻഡേഴ്‌സണും പരിക്കിന്‍റെ പിടിയിലാണ്. ഇതോടൊപ്പം വുഡിന്‍റെ പരിക്കുകൂടി ആയതോടെ ഇംഗ്ലണ്ട് പേസ്‌ നിര കൂടുതൽ ദുർബലമാകും. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി വുഡ് രണ്ട് ഇന്നിങ്സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

വുഡിന്‍റെ പരിക്ക് ഭേദമാക്കാനുള്ള ശ്രമത്തിലാണ് മെഡിക്കല്‍ സംഘമെന്നും വരും ദിവസങ്ങളില്‍ മാത്രമെ വുഡിന്‍റെ ആരോഗ്യ നിലയെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കൂ എന്നും ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു. മൂന്നാം ടെസ്റ്റിന് മുമ്പ് മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം വുഡിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സില്‍വര്‍വുഡ് വ്യക്തമാക്കി.

ALSO READ:ലോർഡ്‌സിൽ ഇന്ത്യക്ക് ചരിത്രവിജയം; ഇംഗ്ലണ്ടിനെ തകർത്തത് 151 റണ്‍സിന്

ഈ മാസം 25 മുതല്‍ ഹെഡിംഗ്ലിയിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. നോട്ടിംഗ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് മഴമൂലം സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക വിജയം സ്വന്തമാക്കിയിരുന്നു. 151 റൺസിന്‍റെ വിജയമാണ് ഇന്ത്യ ലോര്‍ഡ്‌സിൽ നേടിയത്. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

ABOUT THE AUTHOR

...view details