ഹൈദരാബാദ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഈ വര്‍ഷം ഏറ്റവും മികച്ച പ്രകടനം നടത്തിയ സഞ്‌ജു സാംസണെ ടി20 ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. ടീമില്‍ ഇടം നേടിയ റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരേക്കാള്‍ സഞ്ജു ഏറെ മുന്നിലാണെന്ന് കണക്കുകള്‍ നിരത്തിയാണ് ആരാധകര്‍ വാദിച്ചത്.
സൂപ്പർ സഞ്ജു:കഴിഞ്ഞ അഞ്ച് കളികളിലെ കണക്കെടുത്താൽ 44.75 ശരാശരിയും 158.40 സ്ട്രൈക്ക് റേറ്റുമാണ് സഞ്‌ജുവിനുള്ളത്. അടുത്തിടെ സമാപിച്ച ഏഷ്യ കപ്പില്‍ നാല് മത്സരങ്ങളില്‍ വെറും 51 റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ കഴിഞ്ഞത്. 25.50 മാത്രമാണ് ശരാശരി. 124.39 ആണ് സ്‌ട്രൈക്ക് റേറ്റ്. ദിനേഷ് കാര്‍ത്തിക്കിന്‍റെ ശരാശരി 21.44 ആണെന്നതും ശ്രദ്ധേയം. ഈ കണക്കുകള്‍ എല്ലാം തള്ളിക്കളയുന്നതായിരുന്നു സഞ്ജുവിനെ ഒഴിവാക്കിയുള്ള ടി20 ലോകകപ്പ് തെരഞ്ഞെടുപ്പ്.
അടവോ അംഗീകാരമോ: ന്യൂസിലന്‍ഡ് എ ടീമിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിന്‍റെ നായക സ്ഥാനത്തേക്ക് അപ്രതീക്ഷിതമായാണ് സഞ്‌ജു സാംസണ്‍ എത്തിയത്. ടി20 ലോകകപ്പ് ടീമില്‍ നിന്നും സഞ്‌ജുവിനെ തഴഞ്ഞതിലുള്ള ആരാധക രോഷം അടക്കാനുള്ള തന്ത്രമായാണ് ആരാധകരില്‍ ചിലര്‍ ഇതിനെ വിലയിരുത്തുന്നത്. പക്ഷെ കരുത്തരായ കിവീസിനെതിരെ കരുത്തു തെളിയിക്കാനൊരുങ്ങുന്ന ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാനുള്ള നിയോഗം താരത്തിന് ഏറെ ഗുണം ചെയ്യുമെന്ന് തീര്‍ച്ച.
ആക്രമണത്സുക ബാറ്ററായ സഞ്‌ജുവിന് പലപ്പോഴും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കാറില്ല. ടി20 ഫോര്‍മാറ്റില്‍ ഈ പ്രകടനം ഗുണം ചെയ്യുമെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ ഈ സമീപനത്താല്‍ മുന്നേറാന്‍ കഴിയണമെന്നില്ല. ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ക്യാപ്റ്റന്‍റെ ഉത്തരവാദിത്വവുമായിറങ്ങുന്ന സഞ്‌ജു നിലയുറപ്പിച്ച് കളിക്കാന്‍ തയ്യാറാവുമെന്ന് പ്രതീക്ഷിക്കാം.
ഇതാണ് അവസരം: ഇന്ത്യന്‍ എ ടീമിന്‍റെ നായകസ്ഥാനത്ത് തിളങ്ങിയ താരങ്ങൾക്കെല്ലാം സീനിയര്‍ ടീമിലേക്ക് ബിസിസിഐ വാതില്‍ തുറന്നിട്ടുണ്ടെന്നത് വലിയ വസ്‌തുതയാണ്. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡേ തുടങ്ങിയ താരങ്ങള്‍ ഉദാഹരണമാണ്. ഇതോടെ സഞ്‌ജുവിന് മുന്നില്‍ പുതിയ ഏറെ ഇന്നിങ്‌സുകള്‍ ബിസിസിഐ കരുതി വയ്‌ച്ചുവെന്ന് വേണം കരുതാന്‍.
പുതിയ താരങ്ങളെ ഏറെ പിന്തുണയ്‌ക്കുന്ന മുന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലി ബോര്‍ഡിന്‍റെ തലപ്പത്തുള്ളതും സഞ്‌ജുവിന് പ്രതീക്ഷയാണ്. അരങ്ങേറ്റത്തിന് ശേഷം അവസരങ്ങളില്ലാതെ വലഞ്ഞ താരം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്താരാഷ്‌ട്ര തലത്തില്‍ സജീവമാകുന്നത്.
നായകനെന്ന നിലയില്‍ ഗാംഗുലിയുടെ പിന്തുണയില്‍ വളര്‍ന്ന് വന്ന താരങ്ങളാണ് ഹർഭജൻ സിങ്, മുഹമ്മദ് കൈഫ്, സഹീർ ഖാൻ, വീരേന്ദർ സെവാഗ്, യുവരാജ് സിങ് എന്നിവരൊക്കെയും. വിമര്‍ശനങ്ങളൊക്കെയും ഒരു ഭാഗത്ത് അരങ്ങേറട്ടെ, പുതിയ ചുമതല സഞ്‌ജുവിന്‍റെ ശോഭനമായ ഭാവിയ്‌ക്ക് വേണ്ടിയുള്ളതാണെന്ന് വിശ്വസിക്കാം.
ചെന്നൈയില്‍ മൂന്ന് മത്സര പരമ്പരയാണ് സഞ്‌ജു നയിക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ കളിക്കുന്നത്. സെപ്റ്റംബർ 22, 25, 27 തിയതികളിലാണ് മത്സരങ്ങള്‍ നടക്കുക. 16 അംഗ ടീമിൽ പൃഥ്വി ഷാ, റിതുരാജ് ഗെയ്‌ക്വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ഉമ്രാൻ മാലിക് തുടങ്ങിയ യുവതാരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. യുവ ഓൾ റൗണ്ടറായ രാജ് അങ്കത് ബാവയ്‌ക്ക് ഇന്ത്യൻ എ ടീമിലേക്ക് ആദ്യ വിളിയെത്തിയതും ശ്രദ്ധേയമായി.
ഇന്ത്യ എ ടീം: പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്‌ക്വാദ്, രാഹുൽ ത്രിപാഠി, രജത് പട്ടീദാർ, സഞ്ജു സാംസൺ (ക്യാപ്‌റ്റൻ), കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചാഹർ, തിലക് വർമ, കുൽദീപ് സെൻ, ശാർദൂൽ താക്കൂർ, ഉമ്രാൻ മാലിക്, നവ്‌ദീപ് സെയ്‌നി, രാജ് അങ്കത് ബാവ.