ബെംഗളൂരു :ക്രിക്കറ്റിന്‍റെ വിവിധ ഫോര്‍മാറ്റുകളില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ക്രിസ് ഗെയിലുമൊക്കെ തകര്‍ത്താടിയ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം (M Chinnaswamy Stadium Bengaluru) ഐസിസി ഏകദിന ലോകകപ്പിനായി (Cricket World Cup 2023) ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ ഒറ്റ മത്സരം മാത്രമേ ഇവിടെയുള്ളൂവെന്ന നിരാശ ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ടെങ്കിലും ലോക ക്രിക്കറ്റിലെ മിന്നും താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാൻ അവരൊക്കെ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തും.
ഇന്ത്യയ്‌ക്ക് 1, അകെ 5 മത്സരങ്ങള്‍ :ഇത്തവണത്തെ ലോകകപ്പിലെ അഞ്ച് മത്സരങ്ങള്‍ക്കാണ് ചിന്നസ്വാമി സ്റ്റേഡിയം വേദിയാവുക (M Chinnaswamy Stadium Cricket World Cup 2023 matches ). എല്ലാം ഹെവി വെയ്റ്റ് മത്സരങ്ങള്‍. ഈ മാസം 20 മുതലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ ആരംഭിക്കുക.
ക്രിക്കറ്റില്‍ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാനെയും കരുത്തരായ ന്യൂസിലന്‍ഡിനെയും സംബന്ധിച്ച് നിര്‍ണായകമായ രണ്ട് മത്സരങ്ങള്‍ നടക്കുന്നത് ബെംഗളൂരുവിലാണ്. ഒക്ടോബര്‍ 20 ന് പാകിസ്ഥാന്‍റെ ആദ്യ എതിരാളികള്‍ അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയാണ്. ഒക്ടോബര്‍ 26 ന് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് യുവരക്തത്തുടിപ്പുമായെത്തുന്ന ശ്രീലങ്കയെ നേരിടും.
നവംബര്‍ നാലിന് ന്യൂസിലന്‍ഡ് പാകിസ്ഥാനേയും നവംബര്‍ 9 ന് ശ്രീലങ്കയേയും നേരിടും. ആതിഥേയരായ ഇന്ത്യ നവംബര്‍ 12നാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്. നെതര്‍ലാന്‍ഡ്‌സാണ് എതിരാളികള്‍.
രോഹിത്തിന്‍റെ ഇഷ്‌ട ഗ്രൗണ്ട് :1996 ലോക കപ്പിന്‍റെ ഇന്ത്യ-പാകിസ്ഥാന്‍ ക്വാര്‍ട്ടര്‍ ഫൈനലിന് വേദിയായത് ചിന്നസ്വാമി സ്റ്റേഡിയമായിരുന്നു. 2008ല്‍ വിരേന്ദര്‍ സെവാഗിന്‍റെ ട്രിപ്പിള്‍ സെഞ്ച്വറി പിറന്നതും ഇതേ ഗ്രൗണ്ടില്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഇഷ്ട ഗ്രൗണ്ടുകളിലൊന്നാണ് ചിന്നസ്വാമി സ്റ്റേഡിയം. 2019ല്‍ ബംഗ്ലാദേശിനെതിരെ രോഹിത് ശര്‍മ (Rohit Sharma) 175 റണ്‍സടിച്ചത് ഇതേ ഗ്രൗണ്ടിലായിരുന്നു.
മഴയെ തോല്‍പ്പിക്കും സബ് എയര്‍ സംവിധാനം :40000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ചിന്നസ്വാമി സ്റ്റേഡിയം പലതുകൊണ്ടും പ്രത്യേകതയുള്ള സ്റ്റേഡിയങ്ങളിലൊന്നാണ്. മഴ സാഹചര്യങ്ങളില്‍ ഗ്രൗണ്ടിലെ വെള്ളം വലിച്ചെടുക്കാന്‍ കഴിയുന്ന ശക്തമായ പൈപ്പ് സംവിധാനമായ സബ് എയര്‍ രാജ്യത്ത് ആദ്യം സജ്ജമാക്കിയ സ്റ്റേഡിയങ്ങളിലൊന്നാണിത്.
മഴ കാരണം കളി തടസപ്പെടുന്നത് ഒഴിവാക്കാന്‍ ഇതുമൂലം സാധിക്കും. മഴ നിന്ന് 15 - 20 മിനുട്ടിനുള്ളില്‍ത്തന്നെ ഔട്ട് ഫീല്‍ഡ് കളിക്ക് സജ്ജമാക്കാന്‍ സബ് എയര്‍ സംവിധാനം വഴി സാധിക്കും. 2017ലാണ് നാലേകാല്‍ക്കോടി രൂപ ചിലവില്‍ ഈ സംവിധാനം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്ഥാപിച്ചത്.
വരുത്തിയത് വമ്പന്‍ മാറ്റങ്ങള്‍ :ഇത്തവണ ലോകകപ്പിനുള്ള സ്റ്റേഡിയങ്ങള്‍ അന്തിമമാക്കിയ ശേഷം ഐസിസി വിദഗ്‌ധരടക്കമുള്ള സംഘം ചിന്നസ്വാമി സ്റ്റേഡിയം സന്ദര്‍ശിച്ച് ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് സ്റ്റേഡിയത്തിലെ ചില സ്റ്റാന്‍ഡുകളുടെ മേല്‍ക്കൂര പുതുക്കിപ്പണിഞ്ഞിരുന്നു. ഇരിപ്പിടങ്ങളും മാറ്റി സ്ഥാപിച്ചു.
മീഡിയ റൂമിലെ ഡൈനിങ് ഏരിയയും പുതുക്കിപ്പണിതു. കളിക്കാരുടെ ഡ്രസ്സിങ്ങ് റൂം വലിയ തോതില്‍ മാറ്റിപ്പണിതു. ഫ്ലോറിങ്ങ് ഒട്ടാകെ മാറ്റി.ടോയ്‌ലെറ്റുകളും നവീകരിച്ചു.
ഹോസ്‌പിറ്റാലിറ്റി ബോക്‌സുകള്‍:ആരാധകര്‍ക്ക് ലക്ഷ്വറിയോടെ കളി ആസ്വദിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ സജ്ജീകരണമുള്ള 4 ബോക്സുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലുള്ളത്. പി 2 , പി, പി ടെറസ്, ഡയമണ്ട് ബോക്‌സ് എന്നിങ്ങനെ അറിയപ്പെടുന്ന ഹോസ്പിറ്റാലിറ്റി ബ്ലോക്കുകളില്‍ കളിക്കാരുടെ ഡ്രസ്സിങ്ങ് റൂമിനോട് ചേര്‍ന്ന് വിശിഷ്ടാതിഥികള്‍ക്കായി റിസര്‍വ് ചെയ്തതാണ് ഡയമണ്ട് ബോക്‌സ്.
പ്രാക്റ്റീസ് പിച്ചുകള്‍ :ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് പ്രാക്റ്റീസ് ചെയ്യാന്‍ അഞ്ച് പിച്ചുകളാണുള്ളത്. ഇവയ്ക്ക് പുറമെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടും പ്രാക്റ്റീസിന് ഉപയോഗിക്കാം.
പിച്ചുകള്‍ :രാജ്യാന്തര മത്സരങ്ങള്‍ക്കായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐസിസി കണ്ടുവച്ചിരിക്കുന്നത് 3 പിച്ചുകളാണ്. ഇതില്‍ ചുവന്ന കളിമണ്‍ പിച്ചാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. നാലാമതൊരു പിച്ച് സ്റ്റാന്‍ഡ് ബൈയായും ഒരുക്കിവച്ചിട്ടുണ്ട്.
എന്‍ട്രന്‍സ് ഗേറ്റുകള്‍ :21 എന്‍ട്രന്‍സ് ഗേറ്റുകളുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിലെ കബ്ബണ്‍പാര്‍ക്കിന് എതിര്‍വശത്തുള്ള പ്രധാന ഗേറ്റ് കളിക്കാര്‍ക്കും വിവിഐപികള്‍ക്കുമുള്ളതാണ്. മറ്റെല്ലാ ഗേറ്റുകളും കളി ആരംഭിക്കുന്നതിന് 3 മണിക്കൂര്‍മുമ്പ് തുറന്നുകൊടുക്കും. റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കളി നന്നായി കാണാന്‍ പറ്റുന്ന തരത്തിലാണ് മീഡിയ ബോക്‌സ് സജ്ജമാക്കിയിട്ടുള്ളത്. പരിസ്ഥിതി സൗഹൃദ നിര്‍മിതിയാണ് മറ്റൊരു പ്രത്യേകത.
സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിട്ടുള്ള സൗരപാനലുകള്‍ വഴിയാണ് ഇവിടെ ആവശ്യമായ വൈദ്യുതി ഏറിയ കൂറും ഉത്‌പാദിപ്പിക്കുന്നത്. മഴ വെള്ള സംസ്‌കരണത്തിനും സ്റ്റേഡിയത്തില്‍ സംവിധാനമുണ്ട്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കായി റീസൈക്ലിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കളിയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ ഒരു മണി വരെ മെട്രോ സര്‍വീസുകളും ഒരുക്കിയിട്ടുണ്ട്.
ബോളര്‍മാരുടെ ശവപ്പറമ്പ് :ഏകദിന റെക്കോഡുകള്‍ പരിശോധിച്ചാല്‍ ചിന്നസ്വാമിയില്‍ ഇതുവരെ ആകെ നടന്ന 38 ഏകദിനങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത് 14 തവണ മാത്രമാണ്. 20 തവണയും ആദ്യം ഫീല്‍ഡ് ചെയ്ത ടീമിനായിരുന്നു ജയം. ബോളര്‍മാരുടെ ശവപ്പറമ്പെന്ന് പൊതുവെ അറിയപ്പെടുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ മറ്റൊരു പ്രത്യേകത ചെറിയ ബൗണ്ടറികളാണ്.
ALSO READ:Nayan Mongia On Ishan Kishan : 'രാഹുലല്ല, ബോളര്‍മാര്‍ക്ക് ആത്മവിശ്വാസം നൽകുന്ന ആ റോളിൽ അവനുണ്ടാവണം' ; ലോകകപ്പില്‍ ഇഷാന്‍ കീപ്പറാവണമെന്ന് മോംഗിയ ഇടിവി ഭാരതിനോട്
മറ്റ് ഇന്ത്യന്‍ സ്റ്റേഡിയങ്ങളില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തെ വ്യത്യസ്തമാക്കുന്ന ഘടകവും ബാറ്റര്‍മാര്‍ക്ക് അനായാസം മൈതാനത്തിന്‍റെ ഏതുഭാഗത്തും ബൗണ്ടറി പായിക്കാനാകുമെന്ന സവിശേഷതയാണ്. പ്രവചനാതീതമായ സ്വഭാവം കാണിക്കുന്ന പിച്ചാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേതെന്ന് പറയാറുണ്ട്. മൈതാനത്തിന്‍റെ ആനുകൂല്യവും അധികം ദൈര്‍ഘ്യമില്ലാത്ത ബൗണ്ടറികളും മുതലെടുത്ത് ബാറ്റര്‍മാരും പിച്ചിലെ നനവും അന്തരീക്ഷത്തിലെ ആനുകൂല്യവും മുതലെടുത്ത് ബൗളര്‍മാരും ഒരു പോലെ കളത്തില്‍ തിമിര്‍ത്താടുമ്പോള്‍ ചിന്നസ്വാമിയില്‍ ക്രിക്കറ്റ് വസന്തം വിരിയുമെന്ന് ഉറപ്പാണ്.