മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലുമായി ബന്ധപ്പെട്ട് സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ മോശം ഫോമിലുള്ള താരത്തിന് അവസരം ലഭിച്ചതിന് പിന്നാലെയാണ് ഇതിന് തുടക്കമാവുന്നത്. മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിനെ പുറത്തിരുത്തിയായിരുന്നു ഓസീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും രാഹുലിന് അവസരം നല്‍കിയത്.
എന്നാല്‍ നിരാശജനകമായ പ്രകടനമായിരുന്നു 33കാരന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി ആകെ 38 റണ്‍സ് മാത്രമാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന രാഹുല്‍ നേടിയത്. ഇതോടെ മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്നും താരം പുറത്തായിരുന്നു.
പകരമെത്തിയ ശുഭ്‌മാന്‍ ഗില്ലിനും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരത്തില്‍ രാഹുല്‍ പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഇതിനിടെ ഇന്ത്യൻ പ്രീമിയർ ലീഗില്‍ (ഐപിഎൽ) തന്‍റെ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ പുതിയ ജഴ്‌സിയുടെ അനാച്ഛാദനച്ചടങ്ങില്‍ രാഹുല്‍ എത്തിയിരുന്നു.
സ്‌ട്രൈക്ക് റേറ്റ് 'ഓവർറേറ്റഡ്': ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുണ്ടെങ്കിലും താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമാവാറുണ്ട്. ജഴ്‌സി അനാച്ഛാദനച്ചടങ്ങില്‍ ഇതു സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുലിന്‍റെ പ്രതികരണം ശ്രദ്ധേയമാണ്. സ്‌ട്രൈക്ക് റേറ്റ് 'ഓവർറേറ്റഡ്' ആണെന്നാണ് രാഹുല്‍ പറഞ്ഞത്.
"സ്‌ട്രൈക്ക് റേറ്റ് ഓവർറേറ്റഡ് ആണെന്ന് ഞാൻ കരുതുന്നു. അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. നിങ്ങൾ 140 റണ്‍സാണ് പിന്തുടരുന്നതെങ്കില്‍, 200 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കേണ്ടതില്ല. തീര്‍ച്ചയായും അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു", രാഹുല്‍ പരിപാടിയിൽ പറഞ്ഞു.