പാരിസ്: ക്ലബ് കരിയറില്‍ 700 ഗോളുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ഫ്രഞ്ച് ലീഗില്‍ മാഴ്‌സെയ്‌ക്കെതിരായ മത്സരത്തില്‍ പിഎസ്‌ജിക്കായി ഗോളടിച്ചതോടെയാണ് മെസി നിര്‍ണായ നാഴികകല്ലിലെത്തിയത്. കരിയറില്‍ ഭൂരിഭാഗവും ചിലവഴിച്ച സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയ്‌ക്ക് വേണ്ടിയാണ് 35കാരന്‍ ഏറ്റവും ഗോളുകള്‍ നേടിയിട്ടുള്ളത്.
കറ്റാലന്മാര്‍ക്കായി 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകളാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. പിഎസ്‌ജിക്കായി ഇതേവരെയുള്ള 62 മത്സരങ്ങളിൽ നിന്നായി 28 ഗോളുകാണ് മെസി നേടിയത്. ഇതോടെ ആകെ 840 മത്സരങ്ങളിൽ നിന്നാണ് ക്ലബ് കരിയറില്‍ 700 ഗോളുകളെന്ന നേട്ടം മെസി അടിച്ചെടുത്തത്.
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് മെസിക്ക് മുന്നെ ഈ നേട്ടം സ്വന്തമാക്കിയത്. ഈ വർഷമാദ്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി എവർട്ടനെതിരെയാണ് ക്രിസ്റ്റ്യാനോ ക്ലബ് കരിയറിലെ 700ാം ഗോള്‍ നേടിയത്. തുടര്‍ന്ന് യുണൈറ്റഡിനായി ഒരു ഗോള്‍ നേടിയ ശേഷമാണ് താരം യൂറോപ്പ് വിടുന്നത്.
ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് ക്രിസ്റ്റ്യാനോ നല്‍കിയ അഭിമുഖമാണ് യുണൈറ്റഡും താരവുമായുള്ള വേര്‍പിരിയലിന് വഴിയൊരുക്കിയത്. അഭിമുഖത്തില്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെതിരെയുപ്പെടെ താരം തുറന്നടിച്ചിരുന്നു.
ഇതിന് പിന്നാലെ താരവുമായുള്ള കരാര്‍ റദ്ദാക്കിയതായി യുണൈറ്റഡ് അറിയിക്കുകയായിരുന്നു. പിന്നീട് അല്‍ നസ്‌റിലേക്ക് ചേക്കേറിയ 37കാരന്‍ സൗദിയിലും ഗോളടി തുടരുകയാണ്. സൗദി പ്രോ ലീഗില്‍ കളിച്ച അവസാന മൂന്ന് മത്സരങ്ങളില്‍ രണ്ട് ഹാട്രിക്കുകൾ നേടാന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.
മാഴ്‌സെയെ മുക്കി പിഎസ്‌ജി: മാഴ്‌സെയ്‌ക്കെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പിഎസ്‌ജി ജയം നേടിയിരുന്നു. മെസിയുടേതിന് പുറമെ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് പിഎസ്‌ജിയുടെ പട്ടികയിലുള്ളത്. എംബാപ്പെയുടെ ഗോളുകള്‍ക്ക് മെസിയും മെസിയുടെ ഗോളിന് എംബാപ്പെയുമാണ് വഴിയൊരുക്കിയത്.
മത്സരത്തിന്‍റെ 25ാം മിനിട്ടില്‍ തന്നെ എംബാപ്പെ പിഎസ്‌ജിയെ മുന്നിലെത്തിച്ചു. സ്വന്തം പകുതിയില്‍ നിന്നും പന്തുമായി മുന്നേറിയ മെസി നല്‍കിയ പാസ് അനായാസം താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 29ാം മിനിട്ടിലാണ് മെസിയുടെ ഗോള്‍ വന്നത്.
ബോക്‌സിനകത്ത് നിന്നും എംബാപ്പെ നല്‍കിയ പന്തിലാണ് അര്‍ജന്‍റൈന്‍ താരത്തിന്‍റെ ഗോള്‍ നേട്ടം. മത്സരത്തിന്‍റെ 55ാം മിനിട്ടിലാണ് എംബാപ്പെയുടെ രണ്ടാം ഗോള്‍ പിറന്നത്. ബോക്‌സിന് പുറത്ത് നിന്നും മെസി ഉയര്‍ത്തി നല്‍കിയ പന്ത് നിലം തൊടും മുമ്പ് തന്നെ 24കാരന്‍ വലയില്‍ കയറ്റുകയായിരുന്നു. പിഎസ്‌ജിക്കായുള്ള എംബാപ്പെയുടെ 200ാം ഗോളാണിത്.
ഇതോടെ പിഎസ്‌ജിക്കായി ഏറ്റവും കൂടുതല്‍ ഗോളുകളെന്ന എഡിസണ്‍ കവാനിയുടെ റെക്കോഡിനൊപ്പമെത്താനും എംബാപ്പെയ്‌ക്ക് കഴിഞ്ഞു. 301 മത്സരങ്ങളില്‍ നിന്നാണ് കവാനി പിഎസ്‌ജിക്കായി 200 ഗോളുകള്‍ നേടിയത്. എന്നാല്‍ 246 എംബാപ്പെയുടെ 246ാം മത്സരമായിരുന്നുവിത്.
വിജയത്തോടെ പോയിന്‍റ് ടേബിളില്‍ തലപ്പത്ത് തുടരുകയാണ് പിഎസ്‌ജി. 25 മത്സരങ്ങളില്‍ നിന്നും 60 പോയിന്‍റാണ് സംഘത്തിനുള്ളത്. രണ്ടാം സ്ഥാനത്ത് തുടരുന്ന മാഴ്‌സെയ്‌ക്ക് 25 മത്സരങ്ങളില്‍ നിന്നും 58 പോയിന്‍റാണുള്ളത്.
ALSO READ:'ബ്രിങ്ങിങ് ഇറ്റ് ഹോം' കറബാവോ കപ്പ് ഫൈനലില്‍ ന്യൂകാസിലിനെ വീഴ്ത്തി, കിരീട വരള്‍ച്ച അവസാനിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്