ബാര്‍ബഡോസ് : 16 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് വെസ്റ്റ് ഇന്‍ഡീസ് താരം ലെന്‍ഡല്‍ സിമണ്‍സ്. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിനും വിൻഡീസ് താരം ദിനേശ് രാംദിനും പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ വിരമിക്കൽ പ്രഖ്യാപനവുമായെത്തുന്ന താരമാണ് സിമൺസ്. ഇതോടെ ഒരു ദിവസം മൂന്ന് താരങ്ങള്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെന്ന അപൂര്‍വതയ്ക്ക് കൂടി ജൂലൈ 18 സാക്ഷിയായി.
2007ല്‍ ഇംഗ്ലണ്ടിനെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ സിമണ്‍സ് 2008ല്‍ പാകിസ്ഥാനെതിരായ ഏകദിനത്തിലും 2009ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറി. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയൊണ് സിമണ്‍സ് അവസാനമായി വിന്‍ഡീസ് ജഴ്‌സിയിൽ കളത്തിലിറങ്ങിയത്.
16 വര്‍ഷം നീണ്ട കരിയറില്‍ എട്ട് ടെസ്റ്റും 68 ഏകദിനവും 68 ടി20യിലും മാത്രമാണ് സിമണ്‍സ് കളിച്ചത്. എട്ട് ടെസ്റ്റില്‍ 278 റണ്‍സും 68 ഏകദിനങ്ങളില്‍ രണ്ട് സെഞ്ച്വറിയും 16 അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 1958 റണ്‍സും നേടി. 68 ടി20 മത്സരങ്ങളില്‍ ഒമ്പത് അര്‍ധസെഞ്ച്വറികള്‍ അടക്കം 1527ഉം റണ്‍സുമാണ് സിമണ്‍സിന്‍റെ സമ്പാദ്യം.
വിരമിക്കല്‍ പ്രഖ്യാപിച്ച് ദിനേശ് രാംദിൻ : 2005ല്‍ വിന്‍ഡീസിനായി അരങ്ങേറിയ രാംദിന്‍ 17 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 74 ടെസ്റ്റുകളിലും 139 ഏകദിനങ്ങളും 71 ടി20 മത്സരങ്ങളിലും കളിച്ചു. വിന്‍ഡീസിന്‍റെ 2012, 2016 ടി20 ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായി.
വെസ്റ്റ് ഇന്‍ഡീസിനെ 13 ടെസ്റ്റ് ഉള്‍പ്പടെ 17 മത്സരങ്ങളില്‍ നയിച്ചെങ്കിലും ക്യാപ്‌റ്റെനെന്ന നിലയില്‍ തിളങ്ങാന്‍ രാംദിനായിരുന്നില്ല. ടെസ്റ്റില്‍ നാല് സെഞ്ച്വറിയും 15 അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 2898 റണ്‍സും ഏകദിനത്തില്‍ രണ്ട് സെഞ്ച്വറിയും എട്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 2200 റണ്‍സുമാണ് സമ്പാദ്യം. ടി20 ഫോർമാറ്റിൽ ഒരു ഫിഫ്റ്റി ഉള്‍പ്പടെ 636 റണ്‍സും നേടി. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്ന് രാംദിന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ:'അവിശ്വസനീയമാംവിധം കഠിനമായ തീരുമാനം' ; ഏകദിനത്തിൽ നിന്നും വിരമിക്കാനൊരുങ്ങി ബെന്‍ സ്റ്റോക്‌സ്
2005ല്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ അരങ്ങേറിയ രാംദിന്‍ 2019ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി കളിച്ചത്. 2005ല്‍ തന്നെ ഇന്ത്യക്കെതിരെ ഏകദിനത്തിൽ അരങ്ങേറിയ താരം 2016ല്‍ പാകിസ്ഥാനെതിരെയാണ് ഒടുവിലത്തെ മത്സരം കളിച്ചത്. 2006ല്‍ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ രാംദിംന്‍റെ ഈ വിഭാഗത്തിലെ അവസാന മത്സരം 2019ല്‍ ഇന്ത്യക്കെതിരെയുമായിരുന്നു.