സൂറത്ത്:ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് (Legends Cricket League) എലിമിനേറ്ററിന് പിന്നാലെ ഇന്ത്യ കാപിറ്റല്‍സ് നായകനും മുന്‍ താരവുമായ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് ശ്രീശാന്ത് (S Sreesanth Against Gautam Gambhir). സഹതാരങ്ങളെയും സീനിയര്‍ താരങ്ങളെയും ബഹുമാനിക്കാത്ത ക്രിക്കറ്ററാണ് ഗംഭീറെന്ന് ശ്രീശാന്ത് പറഞ്ഞു. ഇന്നലെ (ഡിസംബര്‍ 6) സൂറത്തില്‍ നടന്ന ഇന്ത്യ കാപിറ്റല്‍സ് (India Capitals) ഗുജറാത്ത് ജയന്‍റ്‌സ് (Gujarat Giants) മത്സരത്തിലെ ചില നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു ശ്രീശാന്തിന്‍റെ പ്രതികരണം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌തത് ഗൗതം ഗംഭീറിന്‍റെ ഇന്ത്യ കാപിറ്റല്‍സ് ആയിരുന്നു. മത്സരത്തിനിടെ ഗുജറാത്ത് ജയന്‍റ്‌സ് താരമായ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടായി. അമ്പയര്‍മാരും മറ്റ് കളിക്കാരും ചേര്‍ന്നായിരുന്നു പിന്നീട് രംഗം ശാന്തമാക്കിയത്.
ഇതിനെ കുറിച്ചാണ് ശ്രീശാന്ത് മത്സരശേഷം സംസാരിച്ചത്. ഗംഭീര്‍ അനാവശ്യമായാണ് മത്സരത്തില്‍ തന്നെ പ്രകോപിപ്പിച്ചതെന്ന് ശ്രീശാന്ത് പറഞ്ഞു. കൂടാതെ, മത്സരത്തിന് ശേഷം ബ്രോഡ്‌കാസ്റ്റര്‍മാരോട് സംസാരിച്ചപ്പോള്‍ ഗംഭീര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ ശ്രീശാന്ത് വ്യക്തമാക്കുന്നുണ്ട്.
'പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ സഹതാരങ്ങളോട് പോലും മോശമായി പെരുമാറുന്ന മിസ്റ്റര്‍ ഫൈറ്ററുമായി എന്താണ് സംഭവിച്ചതെന്ന കാര്യങ്ങളില്‍ അല്‍പം വ്യക്തത വരുത്തേണ്ടതുണ്ട്. വീരു ഭായി ഉള്‍പ്പടെയുള്ള പല സീനിയര്‍ താരങ്ങളെയും അദ്ദേഹം ബഹുമാനിക്കുന്നില്ല. അത് തന്നെയാണ് ഇന്നും സംഭവിച്ചത്.
യാതൊരു തരത്തിലുള്ള പ്രകോപനങ്ങളുമില്ലാതെ അദ്ദേഹം എന്നെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തെ പോലൊരു താരം പറയാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നു അതെല്ലാം. ഞാന്‍ ഇവിടെ തെറ്റൊന്നും ചെയ്‌തിട്ടില്ല.