മുംബൈ: മൈതാനത്തിന് ചുറ്റും പന്തടിച്ച് പറത്തിയാണ് ഇന്ത്യയുടെ സൂര്യകുമാർ യാദവ് മിസ്റ്റര്‍ 360 എന്ന വിളിപ്പേര് സ്വന്തമാക്കിയത്. ടി20യില്‍ ലോക ഒന്നാം നമ്പര്‍ താരമാണെങ്കിലും ഏകദിനക്രിക്കറ്റിലെ താരത്തിന്‍റെ ഫോം ചോദ്യ ചിഹ്നമാണ്. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ അവസാനിച്ച മത്സര പരമ്പരയില്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമായിരുന്നു സൂര്യകുമാറിന്‍റേത്.
മൂന്ന് മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായാണ് 32കാരന്‍ തിരികെ കയറിയത്. യഥാക്രമം മുംബൈയിലും വിശാഖപട്ടണത്തും നടന്ന ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തിലാണ് സൂര്യകുമാര്‍ യാദവ് വീണത്. രണ്ട് മത്സരങ്ങളിലും ഏതാണ്ട് സമാനമായ രീതിയില്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു സൂര്യകുമാര്‍ തിരിച്ച് കയറിയത്.
ഇതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും മൂന്നാം ഏകദിനത്തിലും താരത്തെ മാനേജ്‌മെന്‍റ് പിന്തുണയ്‌ക്കുകയായിരുന്നു. എന്നാല്‍ ചെന്നൈയില്‍ നടന്ന മൂന്നാം മത്സരത്തിലും പ്രതീക്ഷയ്‌ക്ക് ഒത്ത് ഉയരാന്‍ കഴിയാതിരുന്ന താരം നേരിട്ട ആദ്യ പന്തില്‍ തന്നെ ആഷ്ടൺ ആഗറിന്‍റെ പന്തില്‍ കുറ്റി തെറിച്ച് മടങ്ങി.
നേരത്തെ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലും സൂര്യയ്‌ക്ക് മാനേജ്‌മെന്‍റ് അവസരം നല്‍കിയിരുന്നുവെങ്കിലും കാര്യമായ പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് അടിച്ച് കൂട്ടുന്ന സര്‍ഫറാസ് ഖാന്‍ പോലുള്ള താരങ്ങളെ തഴഞ്ഞായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിലേക്ക് വിളിയെത്തിയത്.
ടി20യിലെ പ്രശസ്തി കണക്കിലെടുത്താണ് സൂര്യയ്‌ക്ക് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും അവസരം നല്‍കുന്നതെന്ന വിമര്‍ശനങ്ങള്‍ അപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോളിതാ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലേക്കുമുള്ള സൂര്യയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാനേജ്‌മെന്‍റിനെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ലക്ഷ്‌മൺ ശിവരാമകൃഷ്ണൻ.