ന്യൂ ഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് (IPL) 15-ാം സീസണിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് അടിമുടി മാറ്റത്തോടെ കളത്തിലേക്കിറങ്ങാൻ ഒരുങ്ങുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇതിന് മുന്നോടിയായി ടീമിന്‍റെ പരിശീലക- സപ്പോർട്ടിങ് സ്റ്റാഫ് നിരയെ പ്രഖ്യാപിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ്.
കെയ്‌ൻ വില്യംസണ്‍ നയിക്കുന്ന സണ്‍റൈസേഴ് ഹൈദരാബാദിന്‍റെ മുഖ്യ പരിശീലകനായി ടോം മൂഡിയെയാണ് നിയമിച്ചിട്ടുള്ളത്. 2013 മുതല്‍ 2016 വരെ ഹൈദരാബാദിന്‍റെ കോച്ചായിരുന്നു മൂഡി. മൂഡിക്ക് കീഴില്‍ 2016ല്‍ കിരീടം നേടിയ ടീം നാല് തവണ പ്ലേ ഓഫിലും പ്രവേശിച്ചിട്ടുണ്ട്. ഓസീസിന്‍റെ ട്രവർ ബെയ്‌ലിസിന് പകരമാണ് മൂഡിയെ ടീമിലെത്തിച്ചത്.
എന്നാൽ സണ്‍റൈസേഴ്‌സ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ ടീമിലേക്കെത്തിച്ചുകൊണ്ടാണ്. ബാറ്റിങ് പരിശീലകനായാണ് ലാറ ടീമിലേക്കെത്തുന്നത്. ഐപിഎൽ കമന്‍ററി ബോക്‌സിലെ സാന്നിധ്യമായ ലാറ ഇതാദ്യമായാണ് ഐ.പി.എല്ലിൽ ഒരു ടീമിന്‍റെ പരിശീലക വേഷത്തിലെത്തുന്നത്.