ചെന്നെെ : ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ പേസ് നിരയെ നയിക്കേണ്ടത് ഇഷാന്ത് ശര്‍മയാണെന്ന് മുൻ ഇന്ത്യൻ പേസര്‍ എൽ ബാലാജി. പ്രതിഭയുള്ള നിരവധി പേസർമാർ ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടിലെ പരിചയസമ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇഷാന്തിനെ നിര്‍ദേശിക്കുന്നത്. മൂന്ന് തവണ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിച്ചിട്ടുള്ള താരത്തിന് 2018ൽ കൗണ്ടി ക്രിക്കറ്റ് കളിച്ച അനുഭവസമ്പത്തുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഇംഗ്ലണ്ടിലെ ഇഷാന്തിന്‍റെ പ്രകടനം നിരവധി തവണ ഇന്ത്യക്ക് ജയം സമ്മാനിച്ചിട്ടുണ്ട്. അതേസമയം നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇഷാന്തിനൊപ്പം, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി എന്നിവരാണ് ടീമിൽ ഉണ്ടാവേണ്ടത്. മൂന്ന് താരങ്ങളും വ്യത്യസ്തരായ ബൗളർമാരാണ്. ഇഷാന്ത് പ്രതിരോധിക്കുമ്പോൾ ബുംമ്രയും ഷമിയും ആക്രമിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു.