മുംബൈ :നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയ്‌ക്കായി വീണ്ടും ടി20 ക്രിക്കറ്റ് കളിക്കാനൊരുങ്ങുകയാണ് രോഹിത് ശര്‍മ. അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ രോഹിത്തിന്‍റെ നേതൃത്വത്തിലാണ് സെലക്‌ടര്‍മാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 2022-ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയ്‌ക്കായി താരം ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല.
36-കാരന്‍റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യന്‍ ടി20 ടീമിനെ നയിച്ചിരുന്നത്. പരിക്കിനെ തുടര്‍ന്ന് ഹാര്‍ദിക്കിനെ അഫ്‌ഗാനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിത്.
ഇതിനിടെ ടി20 ലോകകപ്പില്‍ രോഹിത്-ഹാര്‍ദിക് എന്നിവരില്‍ ആരാവും ഇന്ത്യയെ നയിക്കുകയെന്ന ചോദ്യങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്‍റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത്. രോഹിത് തന്നെയാവും ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയെന്നാണ് കൃഷ്‌ണമാചാരി ശ്രീകാന്ത് പറയുന്നത് (Rohit as Captain in T20I World Cup 2024).
ഇതുസംബന്ധിച്ച് 64-കാരന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ നടത്തിയ പ്രതികരണം ഇങ്ങനെ. "ടി20 ലോകകപ്പിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കാൻ പോകുന്നുവെന്നാണ് എല്ലാ സൂചനകളും. നിലവിലെ സാഹചര്യങ്ങള്‍ അങ്ങനെയാണ്. ഇതിന്‍റെ ഭാഗമായാണ് അഫ്‌ഗാനെതിരായ പരമ്പരയില്‍ രോഹിത്തിനെ നായകനാക്കിയിരിക്കുന്നത്.
പരിക്കിനെ തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയെ നിലവില്‍ ലഭ്യമല്ല. വൈസ് ക്യാപ്റ്റനായിരുന്ന സൂര്യകുമാര്‍ യാദവിനേയും നിലവില്‍ ലഭ്യമല്ല. വിശ്രമം അനുവദിച്ചതോടെ ജസ്പ്രീത് ബുംറയും പരമ്പരയില്‍ കളിക്കുന്നില്ല. അതിനാല്‍ തന്നെ തീര്‍ച്ചയായും രോഹിത് ക്യാപ്റ്റനാവുമെന്ന് ഉറപ്പായി"- ശ്രീകാന്ത് വ്യക്തമാക്കി.