ബെംഗളൂരു :ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ തോല്‍വി തന്നെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ (KL Rahul's First Reaction On Cricket World Cup Loss). ലോകകപ്പ് കലാശപ്പോരാട്ടം കഴിഞ്ഞ് നാല് ദിവസത്തിനിപ്പുറമാണ് കെ എല്‍ രാഹുലിന്റെ പ്രതികരണം. നവംബര്‍ 19ന് അഹമ്മദാബാദില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത് (India vs Australia Cricket World Cup 2023 Final).
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് കെഎല്‍ രാഹുലിന്റെ പ്രതികരണം. ലോകകപ്പ് ഫൈനലിലെ ചിത്രങ്ങളും രാഹുല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ലോകകപ്പില്‍ ഫൈനല്‍ വരെ മികച്ച പോരാട്ടം കാഴ്ചവയ്ക്കാന്‍ ടീം ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. തുടര്‍ച്ചയായി 10 ജയങ്ങള്‍ നേടിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. എന്നാല്‍, ഫൈനലില്‍ ടീമിന് കാലിടറുകയായിരുന്നു.
ഫൈനല്‍ വരെയുള്ള ടീം ഇന്ത്യയുടെ അപരാജിത കുതിപ്പില്‍ മധ്യനിരയില്‍ നിര്‍ണായക പ്രകടനങ്ങള്‍ നടത്തിയ താരമാണ് കെഎല്‍ രാഹുല്‍. ലോകകപ്പില്‍ 11 മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ച രാഹുല്‍ 10 ഇന്നിങ്സില്‍ നിന്നും 75.33 ശരാശരിയില്‍ 452 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും രാഹുല്‍ ഈ ലോകകപ്പില്‍ അടിച്ചെടുത്തു (KL Rahul Stats In Cricket World Cup 2023).