മുംബൈ:ഏഷ്യ കപ്പ് (Asia cup) ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരായ (IND vs PAK) മത്സരത്തില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ കെഎല്‍ രാഹുല്‍ (KL Rahul) കളിക്കില്ല. ഫിറ്റ്നസില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്ന രാഹുല്‍ ടൂര്‍ണമെന്‍റില്‍ ആദ്യ മത്സരത്തിനുണ്ടാവില്ലെന്ന് സെലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ സ്ഥിരീകരിച്ചു. നേരത്തെയുണ്ടായ പരിക്കുമായി ഇപ്പോഴത്തെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ക്ക് ബന്ധമില്ല.
രണ്ടാമത്തെയോ മൂന്നാമത്തെയോ മത്സരത്തില്‍ 31-കാരന് കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സെപ്‌റ്റംബര്‍ രണ്ടിന് ശ്രീലങ്കയിലെ പല്ലേക്കലെ സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യ (India vs pakistan) ടൂര്‍ണമെന്‍റിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്. ശ്രേയസ് അയ്യർ (Shreyas Iyer) പൂർണ ശാരീരിക ക്ഷമത വീണ്ടെടുത്തതായും അജിത് അഗാർക്കർ അറിയിച്ചിരുന്നു.
ഏഷ്യ കപ്പിന് പിന്നാലെ ഏകദിന ലോകകപ്പ് കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കെ രാഹുലിന്‍റേയും ശ്രേയസിന്‍റേയും തിരിച്ചുവരവ് ഇന്ത്യയ്‌ക്ക് ഏറെ ആശ്വാസമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ കഴിഞ്ഞ മേയിലായിരുന്നു രാഹുലിന് പരിക്കേറ്റത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ 31-കാരന്‍റെ തുടയ്‌ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
പിന്നീട് ഇതു ഭേദമാവുന്നതിനായി ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നസ് വീണ്ടെടുക്കുകയായിരുന്നു. അഞ്ചാം നമ്പറില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തുന്ന താരം തിരിച്ചെത്തുന്നത് മധ്യനിരയുടെ കരുത്ത് വര്‍ധിപ്പിക്കും. മറുവശത്ത് ഏപ്രില്‍-മാര്‍ച്ച് മാസങ്ങളില്‍ നടന്ന ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലാണ് ശ്രേയസ് ഇന്ത്യക്കായി അവസാനം കളിച്ചത്.