മൊഹാലി: ടി20 ക്രിക്കറ്റില്‍ പവര്‍ പ്ലേ ഓവറുകളിലെ മെല്ലെപ്പോക്കിന് വിമര്‍ശനം നേരിടുന്ന താരമാണ് ഇന്ത്യന്‍ വൈസ് ക്യാപ്‌റ്റന്‍ കെഎല്‍ രാഹുല്‍. ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് രാഹുലിന്‍റെ ബാറ്റിങ് ശൈലി തിരിച്ചടിയാവുമെന്നാണ് വിമര്‍ശനം. ഇപ്പോഴിതാ ഏറെ നാളത്തെ മൗനത്തിന് ശേഷം ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് രാഹുല്‍.
ഒരു ഇന്നിങ്‌സില്‍ മുഴുവനായി ഒരേ ടെമ്പോ നിലനിർത്തുന്നത് ബുദ്ധിമുട്ടാണെന്ന് രാഹുല്‍ പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്‍റെ പ്രതികരണം.
"ഓരോ മത്സരങ്ങളിലും സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താനാണ് ഓരോ കളിക്കാനും ശ്രമിക്കുന്നത്. എല്ലാം തികഞ്ഞവരായി ആരുമില്ല. എല്ലാവരും പലകാര്യങ്ങള്‍ക്കായി പരിശ്രമിക്കുകയാണ്.
ഇന്നിങ്‌സിലെ മുഴുവന്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്‌ട്രൈക്ക് റേറ്റ് നിര്‍ണയിക്കുന്നത്. ഒരു ഇന്നിങ്‌സ് മുഴുവനും ഒരു ബാറ്റർ ഒരു നിശ്ചിത സ്‌ട്രൈക്ക് റേറ്റിൽ കളിച്ചത് നിങ്ങൾക്ക് ഒരിക്കലും കാണാനാവില്ല. ഏത് സ്‌ട്രൈക്ക് റേറ്റിൽ കളിച്ചാലാണ് ടീമിന് വിജയിക്കാന്‍ കഴിയുകയെന്നതാണ് പ്രധാനം'', കെഎല്‍ രാഹുല്‍ പറഞ്ഞു.