ലഖ്‌നൗ : ഐപിഎല്ലിന്‍റെ പുതിയ സീസണിന് മുന്നോടിയായി സൂപ്പർ താരം കെഎൽ രാഹുലിനെ ടീമിലെത്തിച്ച് ലഖ്‌നൗ ഫ്രാഞ്ചൈസി. രാഹുൽ തന്നെയാകും ടീമിന്‍റെ നായകൻ. രാഹുലിനെക്കൂടാതെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിൻസിനേയും, ഇന്ത്യൻ യുവതാരം രവി ബിഷ്‌ണോയിയും ലഖ്‌നൗ സ്വന്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 12, 13 തിയ്യതികളില്‍ ബെംഗളൂരുവിൽ നടക്കുന്ന മെഗാ ലേലത്തിന് മുന്നോടിയായുള്ള ഡ്രാഫ്റ്റിലാണ് മൂന്ന് താരങ്ങളെ ലഖ്‌നൗ സ്വന്തമാക്കിയത്. രാഹുലിനെ 15 കോടി രൂപക്കാണ് ലഖ്‌നൗ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സ്റ്റോയിൻസിനെ 11 കോടിക്കും രവി ബിഷ്‌ണോയിയെ 4 കോടിക്കുമാണ് പാളയത്തിലെത്തിച്ചത്.
കഴിഞ്ഞ രണ്ട് സീസണുകളിൽ പഞ്ചാബ് കിങ്‌സിന്‍റെ നായകനായിരുന്ന രാഹുൽ പുതിയ സീസണിൽ ടീമിനൊപ്പം തുടരാൻ ആഗ്രഹമില്ലെന്ന് അറിയിക്കുകയായിരുന്നു. രവി ബിഷ്‌ണോയിയും പഞ്ചാബിൽ രാഹുലിന്‍റെ സഹതാരമായിരുന്നു. സ്റ്റോയിൻസ് കഴിഞ്ഞ സീസണിൽ ഡൽഹിക്കൊപ്പമായിരുന്നു കളിച്ചിരുന്നത്.
ALSO READ:ഐപിഎല്‍: വീശിയത് കോടികള്‍; ലേലത്തിനെ മൂന്ന് താരങ്ങളെ സ്വന്തമാക്കി അഹമ്മദാബാദ്
അതേസമയം പുതിയ സീസണിൽ ഐപിഎല്ലിലേക്ക് എത്തുന്ന അഹമ്മദാബാദ് ഫ്രാഞ്ചൈസി ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്‌മാന്‍ ഗില്‍ എന്നീ താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിച്ചിട്ടുണ്ട്. ഹര്‍ദിക്കിനും റാഷിദിനും 15 കോടി നല്‍കിയപ്പോള്‍ ഏഴ് കോടി രൂപയ്‌ക്കാണ് ശുഭ്‌മാന്‍ ഗില്ലിനെ അഹമ്മദാബാദ് സ്വന്തമാക്കിയത്. ഹാര്‍ദിക്കിന് ടീമിന്‍റെ നായകസ്ഥാനവും നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.